മകളൊരുക്കിയ സർപ്രൈസിൽ അന്പരന്ന് അമ്മ
Tuesday, May 6, 2025 12:53 PM IST
മാതാപിതാക്കൾ അവരുടെ പല സ്വപ്നങ്ങളും മാറ്റിവെച്ചാകും മക്കൾക്കായി ഓരോന്നും ചെയ്യുന്നത്. മക്കൾ വലുതായി വരുമാനമൊക്കെയാകുന്പോൾ മാതാപിതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിക്കും. അത്തരം സംഭവങ്ങൾ പലപ്പോഴും കണ്ണും മനസും നിറയ്ക്കും. അതുപോലൊന്നു ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുഎസിൽ നിന്നുള്ള ഇൻഫ്ളുവൻസറും അമ്മയുമാണ് ഇതിലെ താരങ്ങൾ.
പാരീസിലേക്കാണ് അമ്മയുടെയും മകളുടെയും യാത്ര. ഈഫൽ ടവറിന്റെ ആരാധികയാണ് അമ്മ. അവർ ആദ്യമായി ഈഫൽ ടവർ കണ്ടപ്പോഴുള്ള അന്പരപ്പും ആഹ്ലാദവുമാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ഈഫൽ ടവർ ആദ്യമായി കണ്ടപ്പോഴുള്ള അമ്മയുടെ ആഹ്ലാദവും അമ്പരപ്പുമെല്ലാം അവൾ ക്യാമറയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ നിന്നുള്ള ക്രിസ്റ്റൽ നിക്കോൾ എന്ന ഇൻഫ്ലുവൻസറാണ് ഈ ആഹ്ലാദനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കാറിന്റെ പിൻസീറ്റിലാണ് ക്രിസ്റ്റലിന്റെ അമ്മ ഇരിക്കുന്നത്. പുറത്തെ കാഴ്ചകളൊക്കെ ആസ്വദിച്ച് ഇരിക്കുന്നതിനിടയിലാണ് ഈഫൽ ടവർ കാണുന്നത്.
ഞാൻ ഇതിനെ കുറിച്ച് വായിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ കണ്ടിരിക്കുന്നു. അത് നോക്കൂ എന്നെല്ലാം അമ്മ പറയുന്നത് വീഡിയോയിൽ കേൾക്കാം. അതുമാത്രമായിരുന്നില്ല സർപ്രൈസ്. ഏറ്റവും നന്നായി ഈഫൽ ടവർ കാണാനാവുന്ന ഒരു ഹോട്ടലിലാണ് ക്രിസ്റ്റൽ അമ്മയെ താമസിപ്പിക്കുന്നത്. അതും കൂടി കണ്ടപ്പോൾ അമ്മയുടെ ആഹ്ലാദം ഇരട്ടിയാകുന്നതും വീഡിയോയിൽ കാണാം.