കടലിൽ ഒഴുകി നടക്കുന്ന ആടുകൾ
Monday, April 28, 2025 12:12 PM IST
നല്ല തെളിഞ്ഞ നീലക്കടൽ അതിലൂടെ ഒഴുകി നടക്കുന്ന വെളുത്ത ചെമ്മരിയാടുകൾ ചെറു വള്ളങ്ങളിലും ബോട്ടുകളിലുമായി അവയെ രക്ഷിക്കാനായി ശ്രമം നടത്തുന്നവർ ഇങ്ങനെയൊരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എല്ലാവരും ഇതെന്താണെന്നു അന്വേഷിച്ചു.
സംഭവം അങ്ങ് യെമനിൽ നടന്നതാണ്. കപ്പലിൽ കയറ്റി കൊണ്ടു പോകുകയായിരുന്ന ആടുകൾ കപ്പൽ തകർന്നതിനെത്തുടർന്ന് കടലിൽ അകപ്പെട്ടതാണ്. യെമനിലെ ലാജ് പ്രവിശ്യയിലെ റാസ് അൽ-അറ തീരത്ത് ഒരു വാണിജ്യ കപ്പൽ കരയ്ക്ക് ഇടിച്ച് കയറിയതാണ് സംഭവം.
ജിബൂട്ടിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് തകർന്നത്. അതിൽ നിന്നും കുറേ ആടുകൾ കടലിൽ വീണു. ഇതറിഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ചെറു ബോട്ടുകളിൽ രക്ഷാ പ്രവർത്തനത്തിന് എത്തുകയും ആടുകളെ രക്ഷപ്പെടുത്തുന്നതുമാണ് വീഡിയോയിലുള്ളത്.
അപകടത്തില്‍ ഏകദേശം 160 ഓളം ആടുകളാണ് മുങ്ങിയതെന്നാണ് അൽജസീറ റിപ്പോര്‍ട്ട് ചെയ്തത്. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണോ എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് എത്തുന്നത്.