ആഗ്രഹം ഒന്നു പറഞ്ഞതേയുള്ളൂ ഇങ്ങനെ ഞെട്ടിക്കാമോ? റോസിനും ഇൻഫ്ളുവൻസർക്കും അഭിനന്ദനം
Wednesday, April 23, 2025 3:11 PM IST
ചൈനീസ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ മൈൽസ് മൊറെറ്റിക്ക് എല്ലായിടത്തും ആരാധകരുണ്ട്. പരന്പരാഗതമായ ചൈനീസ് വസ്ത്രം ധരിച്ചാണ് അദ്ദേഹം വിവിധ രാജ്യങ്ങളിലെ തെരുവുകളിലൂടെ വീഡിയോ ചിത്രീകരിച്ച് നടക്കാറ്. അദ്ദേഹം അടുത്തിടെ ഇന്ത്യയിൽ എത്തിയിരുന്നു. മുംബൈയിൽ എത്തിയ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പെട്ടന്നു തന്നെ ശ്രദ്ധ നേടിയിരുന്നു. അതിൽ തന്നെ ഏറ്റവുമധികം ശ്രദ്ധ നേടിയത് ഒരു വീഡിയോയാണ്.
മുംബൈ സ്വദേശിനിയായ റോസ് ഹെവൻ ഫ്രാൻസിസ് എന്ന യുവതിയുമായി സംസാരിക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നല്ല രസമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ് റോസ്. അവൾക്ക് 200 നായ്ക്കളും പൂച്ചകളുമുണ്ട്. അവയെ പരിപാലിക്കുന്നത് റോസാണ്. ഇതുമാത്രമല്ല റോസിന്റെ പ്രത്യേകത അവൾക്ക് പല ഭാഷകൾ സംസാരിക്കാനുള്ള കഴിവുമുണ്ട്. ഇതൊക്കെയും അവൾ മൊറൈറ്റിയോട് പങ്കുവെയ്ക്കുന്നുണ്ട്. അതോടൊപ്പം റോസ് പറഞ്ഞത് അവൾക്ക് ഹോങ് കോങിൽ ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്നാണ്. അതു കേട്ടതും മൊറൈറ്റി അത്ഭുത്തതോടെ അതാരാണെന്നു ചോദിക്കുകയാണ്. ജാക്കി ചാൻ എന്നായിരുന്നു അവളുടെ മറുപടി.
ഈ സംഭാഷണങ്ങൾക്കിടയിൽ അവൾ തന്റെ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം മരിച്ചുപോയതാണെന്നും ആരുമില്ലെന്നും പറയുന്നുണ്ട്. കൂടാതെ, തനിക്കൊപ്പമുള്ള നായകളെയും പൂച്ചകളെയും ഒക്കെ നോക്കാനായി ഒരു ബിസിനസ് തുടങ്ങിയാൽ കൊള്ളാമെന്നുണ്ടെന്നും പറയുന്നു. വണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന ബിസിനസാണ് അവൾ ചെയ്യാനാഗ്രഹിക്കുന്നത്. അങ്ങനെ എന്തെങ്കിലും ബിസിനസ് ചെയ്യുന്നത് തന്നെ കടുതൽ ജീവിക്കാൻ സഹായിക്കുമെന്നും അവൾ പറയുന്നു.
വീഡിയോ അവിടെയും തീർന്നില്ല. പിറ്റേ ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മൊറെറ്റിയുടെ വരവ്. നിറയെ പൈനാപ്പിളും വാഴപ്പഴവുമൊക്കെ നിറച്ച ഒരു ഉന്തു വണ്ടിയും കൊണ്ടാണ് മൊറെറ്റി വന്നത്. ഇത് കണ്ട് റോസ് അത്ഭുതപ്പെടുകയാണ്. അതീവ സന്തോഷവതിയായ റോസ് നിങ്ങളെ ഒരിക്കലും മറക്കില്ലയെന്ന് മൊറെറ്റിയോട് പറഞ്ഞു.