അമ്മയോളം വലിയ പോരാളി; ശക്തന്മാരൊക്കെ തോറ്റോടും
Wednesday, April 23, 2025 12:28 PM IST
കാട്ടിലെ രാജാവെന്നാണ് സിംഹത്തെ വിശേഷിപ്പിക്കാറ്. വലിയ മൃഗങ്ങളെപ്പോലും വേട്ടായാടിപ്പിടിക്കുന്നതിൽ ഇവർ വിരുതന്മാരാണ്. പക്ഷേ, സിംഹം പോലും തോറ്റു പോകുന്ന കരുത്തുണ്ട്. അതാണ് അമ്മയുടെകരുത്ത്. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.
ഒരു എരുമയുടെ ആക്രമണത്തിനു മുന്നിൽ പരാജയം സമ്മതിക്കുന്ന സിംഹമാണ് വീഡിയോയിലുള്ളത്. ഒരു സിംഹവും സിംഹക്കുട്ടിയും നടന്നു പോകുകയാണ്. അതിനിടയിലാണ് സിംഹം ഒരു എരുമക്കുട്ടിയെ കണ്ടത്. ഉടനെ സിംഹം എരുമക്കുട്ടിയെ പിടിക്കാനായി അതിനടുത്തേക്കെത്തി. പെട്ടന്നാണ് അമ്മ എരുമ ഇതു കണ്ടത്. തന്റെ കുഞ്ഞ് അപകടത്തിലാണെന്നു കണ്ടതും പിന്നെ ഒന്നും നോക്കാതെ എരുമ സിംഹത്തിനടുത്തേക്കു പാഞ്ഞടുത്തു. അത് തന്റെ കൊന്പ് ഉപയോഗിച്ച് സിംഹത്തെ തുരത്തിയോടിച്ചു.
തന്റെ കുഞ്ഞുങ്ങളുമായി വേട്ടയ്ക്കിറങ്ങിയ സിംഹമാകാം വീഡിയോയിൽ കാണുന്നത്. ആദ്യം ഒരു ചെറിയ സിംഹം എരുമക്കുട്ടിയെ പിടിച്ചതോടെ പരിഭ്രാന്തരായി എരുമകൾ ഓടുന്നു. പക്ഷേ, അമ്മയെരുമ തോറ്റോടാതെ സിംഹത്തെ ആക്രമിച്ചു. മറ്റു സിംഹങ്ങളും എരുമകളെ ആക്രമിക്കാനായി എത്തിയപ്പോഴും അമ്മ എരുമ പതറാതെ പിടിച്ചു നിന്നു. പെട്ടന്നു തന്നെ മറ്റെല്ലാ എരുമകളും കൂടി സിംഹങ്ങളെ ആക്രമിക്കാനായി എത്തുന്നതും വീഡിയോയിൽ കാണാം. ഡാനിഷ് കോഷൽ എന്ന യൂസറാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. കെനിയയിലെ റോംഗായിയിൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് പറയുന്നത്.