വാഷിംഗ് മെഷീനിനെ തകർത്തു തരിപ്പണമാക്കി യുവാവിന്റെ പരീക്ഷണം
Tuesday, April 22, 2025 1:53 PM IST
എന്തെങ്കിലുമൊക്കെ വീഡിയോ എടുത്ത് വൈറലാകണം എന്നു മാത്രം ചിന്തിക്കുന്നവരാണ് പലരും എന്നു തോന്നും ചില പോസ്റ്റുകൾ കണ്ടാൽ. അത്തരമൊരു വീഡിയോ വൈറലാണ്. ഒരു വാഷിംഗ് മെഷീനിനുള്ളിൽ ഒരു യുവാവ് നടത്തുന്ന പരീക്ഷണമാണ് വീഡിയോ.
വാഷിംഗ് മെഷീൻ വാങ്ങുന്പോൾ അതിന്റെ കപ്പാസിറ്റി എത്രയാണെന്നു കന്പനി പറയാറുണ്ട്. സാധാരണ മനുഷ്യർ അത്രയും കപ്പാസിറ്റി ഉണ്ടോയെന്നറിയാൻ അത്രയും തുണികൾ ഇട്ട് അലക്കി നോക്കുകയാണ് ചെയ്യാറ്. പക്ഷേ, ഇവിടെ കപ്പാസിറ്റി പരിശോധിക്കാൻ ഉപയോഗിച്ച സാധനം കണ്ടാൽ ഞെട്ടും.
പുതിയ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനാണ് വീഡിയോയിൽ ആദ്യം കാണിക്കുന്നത്. യുവാവ് അതിനു സമീപത്തായി ഇരിക്കുകയാണ്. അദ്ദേഹം വാഷിംഗ് മെഷീനിന്റെ വാതിൽ തുറക്കുന്നു. ഒരു വലിയ കല്ല് എടുത്ത് അതിലേക്ക് ഇടുന്നു. മെഷീനിന്റെ വാതിൽ അടച്ച് സ്വിച്ച് ഓണാക്കി യുവാവ് അവിടെ നിന്നും ഓടിമാറി.
പ്രവർത്തിക്കാൻ തുടങ്ങിയ വാഷിംഗ് മെഷീൻ ആ ഭാരമേറിയ കല്ലിനെ കറക്കി കറക്കി അങ്ങോട്ടും ഇങ്ങോട്ടും ആടിയുലയുകയാണ് ആദ്യം. പിന്നെ വാഷിംഗ് മെഷീനിന്റെ ഓരോ ഭാഗങ്ങളായി ഇളകി ഇളകി പോകുകയാണ്. അവസാനം അിതനുള്ളിലെ ഡ്രം ഇളകി തെറിച്ച് പുറത്തേക്ക് വരികയും അതു പുറത്തു കിടന്നു കറങ്ങുകയും ചെയ്യുന്നതു കാണാം. അവസാനം വാഷിംഗ് മെഷീൻ ഉപയോഗശൂന്യമായി തീരുകയും ചെയ്യുന്നതു കാണാം.
xyz_z0ne എന്ന ഇന്സ്റ്റാഗ്രാം ഹാന്റിലാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. ഇത് പരീക്ഷണമല്ല, മറിച്ച് നശിപ്പിക്കലാണെന്നും. ശരീരം വിട്ട് ആത്മാവ് പുറത്തു വന്നെന്നും വീഡിയോയ്ക്ക് പലരും കമന്റ് ചെയ്തിട്ടുണ്ട്.