മീററ്റ് ഇഫക്റ്റ്; വിവാഹദിനത്തിൽ നീല ഡ്രം സമ്മാനമായി നൽകി കൂട്ടുകാർ
Monday, April 21, 2025 10:13 AM IST
വിവാഹ ദിനത്തിൽ വരനും വധുവിനും കൂട്ടുകാർ നൽകുന്ന സമ്മാനങ്ങളും സർപ്രൈസുകളുമൊക്കെ പലപ്പോഴും ഞെട്ടിപ്പിക്കാറുണ്ടല്ലേ. അങ്ങനെ സമ്മാനം കണ്ടു ഞെട്ടിയ വരന്റെയും വധുവിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വൈറലായ സമ്മാനം ഒരു നീല ഡ്രമാണ്. വിവാഹ ചടങ്ങുകൾക്കിടയിലെ ജയ്മാല ചടങ്ങു നടക്കുന്നതിനിടെ പലരും വരനും വധുവിനും ആശംസകളും സമ്മാനങ്ങളുമൊക്കെയായി എത്തുന്നതിനിടയിലാണ് വരന്റെ കൂട്ടുകാർ വേദിയിലേക്ക് എത്തിയത്. അവരുടെ കയ്യിലാകട്ടെ വലിയൊരു നീല ഡ്രം ഉണ്ടായിരുന്നു. ഇത് സമ്മാനമായി നൽകിയതോടെ ഞെട്ടി നിൽക്കുന്ന വരനെ കാണാം. വധുവിനാകട്ടെ ഇത് കണ്ടിട്ട് ചിരിയടക്കാനുമാകുന്നില്ല.
ആദ്യമൊന്നു ഞെട്ടിയ വരൻ പിന്നെ ആ സമ്മാനം ആസ്വദിക്കുന്നുണ്ട്. ഇതൊക്കെ കഴിഞ്ഞ് കൂട്ടുകാരും ദന്പതികളും ചേർന്ന് ഫോട്ടോ എടുക്കുകയും തമാശകൾ പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. അടുത്തിടെ മീററ്റിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്ന് വീപ്പയിൽ ഒളിപ്പിച്ചിരുന്നു. ഡ്രം സമ്മാനമായി നൽകിയത് ഒരു പക്ഷേ, ഈ പശ്ചാത്തലത്തിലായിരിക്കുമെന്നാണ് വീഡിയോ കണ്ടപലരും പറയുന്നത്. എന്തായാലും തമാശ അൽപ്പം കടന്നു പോയി എന്നു അഭിപ്രായപ്പെടുന്നവരുമുണ്ട്.