നിഷ്കളങ്കമായ ചിരി, താളത്തിലുള്ള ചുവടുകൾ; എങ്ങനെ ഈ നൃത്തം കാണാതിരിക്കും
Tuesday, April 15, 2025 3:20 PM IST
"ഛോദ് ദോ ആഞ്ചൽ സമാന ക്യാ കഹേഗ" എന്ന ബോളിവുഡ് ഗാനത്തിന് അതിമനോഹരമായി വൃദ്ധ ദമ്പതികൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിട്ടുണ്ട്. ആ നൃത്തം കണ്ടാൽ ആരാണ് ഒന്നൂടെ കാണാൻ ആഗ്രഹിക്കാത്തത്.
1957-ൽ പുറത്തിറങ്ങിയ പേയിംഗ് ഗസ്റ്റ് എന്ന ചിത്രത്തിലെ കാലാതീതമായ ഗാനത്തിനൊത്താണ് വൃദ്ധ ദമ്പതികൾ നൃത്തം ചെയ്യുന്നത്. എസ് ഡി ബർമന്റെ സംഗീതത്തിൽ മജ്റൂഹ് സുൽത്താൻപുരിയുടെ വരികൾ എഴുതി കിഷോർ കുമാർ ആലപിച്ച ഈ ഗാനം ഹിന്ദി സിനിമയിലെ ഒരു ക്ലാസിക് ആയി തുടരുന്നു.
ബോളിവുഡ് സൂപ്പർസ്റ്റാറുകളായ ദേവ് ആനന്ദ്, നൂതന് എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചത്. ഈ ഗാനത്തിന്റെ ഗൃഹാതുരത്വം വീഡിയോയുടെ മനോഹാരിത കൂടുതൽ വർധിപ്പിക്കുന്നു. നൃത്ത സംവിധായിക ശ്വേത പഞ്ചോളി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോ 1.8 ദശലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു. ശ്വേത പഞ്ചോളി ദമ്പതികളെ നയിക്കുന്നതായി കാണാം. പാട്ട് ആരംഭിക്കുമ്പോൾ, അവർ എളുപ്പത്തിൽ താളത്തിനനുസരിച്ചുള്ള ചവുടുകളിലേക്ക് നീങ്ങുന്നു. മനോഹരമായ ചുവടുകളും നിറഞ്ഞ ഭാവവും ഉപയോഗിച്ചാണ് ഇരുവരും നൃത്തം ചെയ്യുന്നത്.
വീഡിയോയ്ക്ക് കമന്റുകളുമായി നിരവധിപ്പേരാണ് എത്തിയിട്ടുള്ളത്. അവരുടെ ഓരോ നീക്കത്തിലും പരസ്പരമുള്ള സ്നേഹവും സംഗീതവും പ്രകടമാണെന്നും. വീഡിയോ ഹൃദയം കവർന്നുവെന്നുമൊക്കെ കമന്റുകൾ വരുന്നുണ്ട്.