അംഗപരിമിതിയെ ചവിട്ടി മെതിച്ച നൃത്തച്ചുവടുകള്‍; ചലേയയ്ക്ക് ഇരട്ടിത്തിളക്കം കൊടുത്ത് സുസ്മിത
വെബ് ഡെസ്ക്
Saturday, September 2, 2023 4:22 PM IST
ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുന്ന സിനിമാ ഗാനങ്ങള്‍ കൊണ്ട് റീല്‍സുണ്ടാക്കി സമൂഹ മാധ്യമത്തില്‍ വൈറലാകുന്നത് പുതുമയുള്ള കാര്യമല്ല. ഫാസ്റ്റ് നമ്പര്‍ ഗാനങ്ങള്‍ക്ക് അതിവേഗത്തില്‍ നൃത്തച്ചുവടുകളുമായി സമൂഹ മാധ്യമത്തിലെത്തുന്ന വീഡിയോകളില്‍ ഏറെ വ്യത്യസ്തവും അഭിനന്ദനം അര്‍ഹിക്കുന്നതുമായ ഒന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുന്നത്.
ഷാരുഖ് ഖാന്‍ നായകനാകുന്ന ജവാന്‍ എന്ന ചിത്രത്തിലെ ചലേയ എന്ന ഗാനത്തിന് ചുവടുവെച്ച സുസ്മിത ചക്രവര്‍ത്തി എന്ന യുവതി ശരിക്കും കൈയടി അര്‍ഹിക്കുന്നുണ്ട്. സുസ്മിതയ്ക്ക് ഇടതു കാല്‍ ഇല്ല. കൃത്രിമ കാലിന്‍റെ സഹായത്തോടെയാണ് നടക്കുന്നത്. ഈ പരിമിതിയെ മറികടന്ന് സുസ്മിത ചെയ്യുന്ന നൃത്തം കണ്ടാല്‍ ഏവരും അമ്പരക്കും.
"ഒരു കാല്‍ ഇല്ലാത്തയാളാണെന്ന് പറയില്ല' എന്നാണ് നൃത്തം കണ്ട ഭൂരിഭാഗം ആളുകളും പ്രതികരിച്ചത്. പരിമിതിയെ മറികടന്ന് നൃത്തം ചെയ്യാന്‍ സുസ്മിത എടുത്ത തീരുമാനത്തെ അഭിനന്ദിക്കാനും നെറ്റിസണ്‍സ് മറന്നില്ല. സുസ്മിത സി 919 എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ റീൽസ് ആദ്യം പങ്കുവെച്ചത്.
ജവാനില്‍ ചലേയ എന്ന ഗാനം പാടിയ ശില്‍പ റാവുവും സുസ്മിതയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ശില്‍പ റാവു, അനിരുദ്ധ് രവിചന്ദര്‍, അരിജിത് സിംഗ് എന്നിവരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സുസ്മിതയുടെ പ്രകടനത്തിനിടെ കൃത്രിമ കാല്‍ പോലും ആരും ശ്രദ്ധിച്ചില്ലെന്നും ഹൃദയ സ്പര്‍ശിയായ വീഡിയോയാണിതെന്നും കമന്‍റുകൾ വന്നിരുന്നു.