ആഗോളതലത്തില്‍ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നതിക്ക് പെണ്‍കരുത്ത് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഭരണരംഗത്തുള്‍പ്പടെ ഒട്ടേറെ വനിതാ പ്രതിഭകള്‍ വ്യക്തിമുദ്ര പതിപ്പിച്ച രാജ്യമാണ് ഇന്ത്യ. ഇവിടത്തെ വലിയ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടിലെ ഏറ്റവും പ്രായമേറിയ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ബഹുമതിയും ഒരു വനിതയ്ക്കാണെന്ന വാര്‍ത്ത ഏവര്‍ക്കും പ്രചോദനമാകുകയാണ്.

തമിഴ്‌നാട്ടിലെ മധുര ജില്ലയിലെ അരിട്ടാപ്പട്ടി പഞ്ചായത്ത് പ്രസിഡന്‍റായ വീരമ്മാള്‍ അമ്മയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. 89 കാരിയായ വീരമ്മാളിനെ പറ്റി ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് എക്‌സില്‍ കുറിപ്പിട്ടത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോയും ഫോട്ടോയും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

വീരമ്മാള്‍ അമ്മയെ "അരിട്ടാപ്പട്ടി പാട്ടി' എന്നാണ് അറിയപ്പെടുന്നതെന്നും സുപ്രിയ പറയുന്നു. ഇവര്‍ ഇപ്പോഴും പൂര്‍ണ ആരോഗ്യവതിയാണെന്നും വീട്ടിലുണ്ടാക്കിയ പരമ്പരാഗത രീതിയിലുള്ള വിഭവങ്ങളാണ് വീരമ്മാളിന് ഏറ്റവും ഇഷ്ടമെന്നും സുപ്രിയ വ്യക്തമാക്കി. ചോളം ഉള്‍പ്പടെയുള്ളവ വീരമ്മാളിന് ഏറെ പ്രിയപ്പെട്ടതാണ്.

മധുരയിലെ ആദ്യ ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി അരിട്ടാപ്പട്ടിയെ മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് വീരമ്മാള്‍. സ്വന്തം കൃഷിയിടത്തില്‍ ഇപ്പോഴും പണിയെടുത്താണ് ഉപജീവനത്തിനുള്ള വക വീരമ്മാള്‍ കണ്ടെത്തുന്നത്. ഇതിനിടയില്‍ പഞ്ചായത്തിലെ കാര്യങ്ങള്‍ക്ക് ഒരു മുടക്കവും വരാതിരിക്കാന്‍ വീരമ്മാള്‍ പ്രത്യേകം ശ്രദ്ധിക്കും.



വീരമ്മാളിന്‍റെ ദൃശ്യങ്ങള്‍ എക്‌സില്‍ വന്നതിന് പിന്നാലെ ആയിരക്കണക്കിന് ആളുകളാണ് ഇവര്‍ക്ക് അഭിനന്ദനവുമായി എത്തിയത്. അവരുടെ കഠിനാധ്വാനത്തേയും നിശ്ചയദാര്‍ഢ്യത്തേയും പ്രകീര്‍ത്തിക്കുവാനും ആളുകള്‍ മറന്നില്ല. ഇതാണ് യഥാര്‍ഥ സ്ത്രീശാക്തീകരണമെന്നാണ് ഒരാള്‍ എക്സിൽ കമന്‍റി‌ട്ടത്.

ഇവര്‍ രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം തന്നെ പ്രചോദനമാണെന്നും, സ്ത്രീയുടെ പ്രവര്‍ത്തന മികവ് എന്താണെന്ന് വീരമ്മാള്‍ സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണെന്നും നെറ്റിസണ്‍സിനിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. അവരുടെ ലളിതമായ ജീവിത രീതിയും ഏവർക്കും മാതൃകയാണെന്നാണ് ഒരാള്‍ പ്രതികരിച്ചത്. രാജ്യത്തെ തന്നെ ഏറ്റവും പ്രായമേറിയ പഞ്ചായത്ത് പ്രസിഡന്‍റുമാരിൽ ഒരാള്‍ കൂടിയാണ് വീരമ്മാള്‍.