വീ‌ട്ടിലേക്ക് പറയാതെ വരുന്ന ചില അതിഥികളെ കണ്ട് നാം സന്തോഷിക്കുകയോ അമ്പരക്കുകയോ ചെയ്യും. പ്രാവും മയിലും തത്തയുമൊക്കെ വന്നാൽ മുഖത്ത് വിരിയുന്ന ഭാവങ്ങളാവില്ല വല്ല പട്ടിയോ, പാമ്പോ വന്നാലുണ്ടാകുക. പേടിക്കും അല്ലേ? വരുന്നത് നല്ല ഒന്നാന്തരം ചീങ്കണ്ണിയാണെങ്കിലോ ? ഭയന്നു വിറയ്ക്കുമെന്നുറപ്പ്.

അത്തരത്തിൽ ഒരു വീട്ടിൽ ചീങ്കണ്ണി വന്നുകയറിയ വാർത്ത സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. യുഎസിലെ മിഷി​ഗണിൽ നിന്നാണ് ഈ നടുക്കുന്ന വാർത്ത വരുന്നത്. ചെറിയൊരു അപ്പാർട്ട്മെന്‍റ് ബിൾഡിം​ഗിൽ താമസിക്കുന്ന യുവതി പുറത്തേക്ക് നോക്കിയപ്പോൾ കോംമ്പൗണ്ടിൽ എന്തോ നടക്കുന്നത് കണ്ടു.

സൂക്ഷിച്ച് നോക്കിയപ്പോഴാണ് അതൊരു ചീങ്കണ്ണിയാണെന്ന് മനസിലായത്. ഉടൻ തന്നെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. റോമുലസ് പോലീസ് ഡിപ്പാർട്ട്മെന്‍റിലെ ഉദ്യോ​ഗസ്ഥരും അനിമൽ ക്യാച്ചേഴ്സും സ്ഥലത്തെത്തി ചീങ്കണ്ണിയെ പിടിച്ച് സുരക്ഷിതമായ സ്ഥലത്ത് വിട്ടു.



വല്ല പൂച്ചയോ പട്ടിയോ പോലും അപൂർവമായി വരുന്ന പ്രദേശത്ത് ഒരു ചീങ്കണ്ണി എങ്ങനെ വന്നുവെന്ന സംശയത്തിലാണ് യുവതിയും ഉദ്യോ​ഗസ്ഥരും. യുവതി പോലീസിന് അയയ്ച്ചുകൊടുത്ത ചീങ്കണ്ണിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു. കറുപ്പിൽ വെള്ള വരകളുള്ള ശരീരമാണിതിനുള്ളത്.

പോലീസ് പങ്കുവെച്ച ചിത്രങ്ങൾക്ക് ഒട്ടേറെ കമന്‍റുകളുമെത്തി. ഇതെങ്ങനെ വീട്ടിൽ വന്നു, ആരാണ് ഇതിനെ പിടികൂടിയത്, ആള് അക്രമകാരിയാണോ എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി.