വാർധക്യ കാലത്ത് പലർക്കും ലോട്ടറിയടിക്കുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്. എന്നാൽ സ്മാർട്ട് ഫോണിലെ ആപ്പിൽ ലോട്ടറി നറുക്കെടുപ്പ് രീതികൾ പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ ജാക്ക്പോട്ട് അടിച്ചെന്ന് കേട്ടാലോ? വിശ്വസിച്ചേ പറ്റൂ. യുകെയിൽ നിന്നാണ് മനസിന് സന്തോഷം നൽകുന്ന ഈ കൗതുക വാർത്ത വരുന്നത്.

കെന്‍റക്കി ലോട്ടറി ഡിപ്പാർട്ട്മെന്‍റിന്‍റെ ആപ്പ് വഴി ജാക്ക്പോ‌ട്ട് മത്സരത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ജോസഫ് റാലെയ് എന്ന വ്യക്തി. വൈൽഡ് ലൈഫ് ക്ലസ്റ്റേഴ്സ് ജാക്ക്പോട്ടിൽ മത്സരിക്കുന്നതിന് അഞ്ച് ഡോളർ ഓൺലൈൻ പേയ്മെന്‍റ് കൊടുത്ത് കാത്തിരിക്കുകയായിരുന്നു ഇദ്ദേഹം.

പിന്നാലെ ഫോണിലെ ആപ്പിൽ നാലു പോപ്പ് അപ്പ് മെസേജ് വരികയും ജോസഫിന് മൂന്നു ഫ്രീ സ്പിന്നുകൾ ലഭിക്കുകയുമായിരുന്നു. എന്നാൽ വൈൽഡ് ലൈഫ് ക്ലസ്റ്റേഴ്സിൽ മത്സരിക്കാൻ അബദ്ധത്തിൽ ക്ലിക്ക് ചെയ്തതാണെന്നും അടച്ച 5 ഡോളർ തിരികെ ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.


എന്തായായും ലഭിച്ച മൂന്നു ഫ്രീ സ്പിന്നുകളിൽ മത്സരിച്ച ശേഷം ജോസഫ് ഫോൺ വെച്ചിട്ട് വേറെ കാര്യങ്ങളിൽ മുഴുകി. കുറച്ച് കഴിഞ്ഞപ്പോഴാണ് തന്‍റെ ആദ്യത്തെ സ്പിന്നിന് 1,118,449.42 യുഎസ് ഡോളർ ലഭിച്ചുവെന്ന കാര്യം ഇദ്ദേഹമറിഞ്ഞത്.

ഇതിൽ നികുതിയും കിഴിച്ച് 84,691.34 യുഎസ് ഡോളറാണ് ജോസഫിന് ലഭിച്ചതെന്നും റിപ്പോർട്ടുകളിലുണ്ട്. സ്മാർട്ട് ഫോണിലെ ജാക്ക്പോട്ട് ആപ്പ് വഴിയാണ് ജോസഫിന് സമ്മാനം ലഭിച്ചതെങ്കിലും ഇക്കൂട്ടത്തിൽ ഒട്ടേറെ വ്യാജ ആപ്പുകളുണ്ടെന്നും തട്ടിപ്പുകളിൽ പെടരുതെന്നും നെറ്റിസൺസ് ഓർമിപ്പിക്കുന്നു.