ചന്ദ്രയാൻ 3ന്റെ സുരക്ഷിത ലാൻഡിംഗിനായി ഉപവാസമിരുന്ന് ഇന്ത്യയുടെ "പാക് മരുമകൾ'
വെബ് ഡെസ്ക്
Wednesday, August 23, 2023 4:59 PM IST
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ വിജയത്തിനായി രാജ്യം പ്രാർഥനയോടെ ഇരിക്കുമ്പോൾ മറ്റൊരു മധുരകരമായ വാർത്ത കൂടി വരികയാണ്. ഇന്ത്യയുടെ പാക് മരുമകളായ സീമ ഹൈദർ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് സമയം വരെ ഉപവാസമിരുന്ന് പ്രാർത്ഥിക്കുകയാണ്.
സച്ചിൻ മീണയെന്ന യുവാവിനെ വിവാഹം കഴിക്കുന്നതിന് ഇന്ത്യയിലേക്ക് വന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾക്ക് ഇരയായ ആളാണ് സീമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച സീമ ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമേ ഭക്ഷണം കഴിയ്ക്കൂ എന്ന് അറിയിച്ചിരുന്നു.
സീമ പ്രാർഥിക്കുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷമീല എന്ന് പേരുള്ള എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയോടുള്ള സീമയുടെ സ്നേഹത്തെ നെറ്റിസൺസ് പ്രശംസിച്ചു.
ഇന്ന് വൈകുന്നേരം 6.04ന് ആണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുക. 5.45 മുതൽ 6.04 വരെയുള്ള 19 മിനിറ്റുകളിൽ ചന്ദ്രയാൻ-3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് നടത്തുക. ചാന്ദ്ര പര്യവേഷണ ദൗത്യത്തിലെ ഏറ്റവും നിർണായകഘട്ടമാണ് സോഫ്റ്റ് ലാൻഡിംഗ്. വേഗത സെക്കൻഡിൽ ഒന്നോ രണ്ടോ മീറ്റർ എന്ന തോതിലാകുമ്പോഴാണ് സോഫ്റ്റ് ലാൻഡിംഗ് സാധ്യമാകുക.
മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിലാണ് സാധാരണ പേടകം സഞ്ചരിക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് സി, സിംപിലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ-3 ഇറങ്ങുക.
ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിംഗിലെ ഓരോ ഘട്ടവും. പേടകം തിരശ്ചീനമായി സഞ്ചരിക്കുമ്പോൾ 25 കിലോമീറ്റർ മുകളിൽ നിന്നാണ് സോഫ്റ്റ്ലാൻഡിംഗ് തുടങ്ങുക. ലാൻഡറിലെ ലിക്വിഡ് പ്രൊപ്പൽഷൻ എൻജിനുകൾ പ്രവർത്തിപ്പിച്ചാണ് ഇതിനുള്ള ഊർജം കണ്ടെത്തുക.
ലാൻഡിംഗ് സൈറ്റിന് 150 മീറ്റർ മുകളിൽ വെച്ചെടുക്കുന്ന ഫോട്ടോകൾ ലാൻഡർ പേടകത്തിലെ സെൻസറുകൾ പരിശോധിക്കുകയും ലാൻഡിംഗിന് യോഗ്യമെങ്കിൽ സിഗ്നൽ നൽകുകയും ചെയ്യും. ഇതോടെ പേടകം സഞ്ചരിച്ച് ചന്ദ്രോപരിതലത്തിന് 10 മീറ്റർ ഉയരത്തിൽ വരെ എത്തും. ഇവിടെ നിന്ന് അടുത്ത ഒൻപതാമത്തെ സെക്കൻഡിൽ ലാൻഡർ ചന്ദ്രൻറെ ഉപരിതലത്തിലിറങ്ങും.