മാതാപിതാക്കളെ പോലെ തന്നെ കുഞ്ഞുങ്ങൾക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകരും. ഭാവിയുടെ വാ​ഗ്ദാനമായ കുരുന്നുകളിൽ അച്ചടക്കം വളർത്തുന്നതിനായി പ്രൈമറി സ്കൂൾ അധ്യാപിക എടുത്ത വ്യത്യസ്തമായ ചുവടുവെപ്പ് കണ്ട് ഏവരിലും കൗതുകം വന്നിരിക്കുകയാണ്.

കുട്ടികളുടെ അതേ യൂണിഫോം ധരിച്ച് ക്ലാസെടുക്കുകയാണ് അധ്യാപിക. ഛത്തീസ്​ഗഡിലെ റായ്പൂരുള്ള ​ഗവൺമെന്‍റ് ​ഗോകുൽറാം വർമ്മ പ്രൈമറി സ്കൂളിലെ അധ്യാപികയായ ജാൻവി യാദുവാണ് യൂണിഫോം ധരിച്ച് ക്ലാസെടുക്കുന്നത്.

എല്ലാവരും തുല്യരാണ് എന്ന ബോധം കുട്ടികളിലുണ്ടാക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ആഴ്ചയിലൊരിക്കലാണ് താൻ യൂണിഫോം ധരിച്ച് സ്കൂളിലെത്തുന്നതെന്നും ജാൻവി പറയുന്നു.


താൻ ഇത് ധരിക്കുന്നത് കണ്ട് കുട്ടികളിൽ യൂണിഫോമിനോടുള്ള താൽപര്യക്കുറവ് ഇല്ലാതായെന്നും ഈ അധ്യാപിക പറയുന്നു. ജാൻവി സ്കൂൾ ‌യൂണിഫോമിൽ ക്ലാസെടുക്കുന്ന ഫോട്ടോയും ഇവരും കുട്ടികളും ഉള്ള സെൽഫിയും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വ്യത്യസ്തമായ രീതിയിൽ കുട്ടികളുടെ മനസ് കീഴടക്കിയ ജാൻവിയെ തേടി നെറ്റിസൺസ് ഉൾപ്പടെയുള്ളവരിൽ നിന്നും അഭിനന്ദന പ്രവാഹമെത്തിയിരുന്നു.