ചെറുപ്രായത്തിൽ കാഴ്ച നഷ്ടമാകേണ്ടി വരിക എന്നത് ഏറെ ദൗർഭാ​ഗ്യകരമായ കാര്യമാണ്. ഏതെങ്കിലും അപകടത്തിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതെങ്കിൽ ചികിത്സാ ചെലവിനുള്ള പണം പോലും ഇതിന് കാരണക്കാരായവരിൽ നിന്നും ലഭിക്കുക എന്നത് ശ്രമകരമായ ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

കാഴ്ച ഇല്ലാത്ത അവസ്ഥയിൽ കേസും കോടതിയും കയറിയിറങ്ങുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യവുമാണ്. ഇത്തരത്തിൽ കാഴ്ച നഷ്ടമായി നിരവധി ശസ്ത്രക്രിയകളും ചെയ്തിട്ടും പ്രതീക്ഷയറ്റ് നിന്ന യുവാവിന് അപകടത്തിന് കാരണക്കാരായവരിൽ നിന്നും രണ്ട് ലക്ഷം പൗണ്ടിനടുത്ത് (ഏകദേശം 2.10 കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചുവെന്ന വാർത്തയാണ് സ്പെയിനിൽ നിന്നും വരുന്നത്.

2018 ജൂലൈ പതിനൊന്നിന് സ്പെയിനിലെ മല്ലോർക്കയിലുള്ള കാർവാഷ് നൈറ്റ് ക്ലബിലാണ് അപകടമുണ്ടായത്. പെയിന്‍റ് നിറച്ചു വെച്ച ബാ​​ഗ് പൊട്ടി ഡില്ലൻ കോണറി എന്ന യുവാവിന്‍റെ മുഖത്തേക്ക് അബദ്ധത്തിൽ തെറിക്കുകയായിരുന്നു. യുവാവിന്‍റെ ഇരു കണ്ണുകളിലും അതിശക്തിയായി പെയിന്‍റ് വീണതോ‌ടെ കാഴ്ചശക്തി നഷ്ടമായി.

ഇരു കണ്ണുകൾക്കും പലതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും മകന്‍റെ കാഴ്ചശക്തി വീണ്ടെടുക്കാൻ സാധിച്ചില്ലെന്നും ഡില്ലന്‍റെ അമ്മ ആഷ്ലി കോണറി പറയുന്നു. അന്നേ ദിവസം ക്ലബ് സംഘടിപ്പിച്ച യു വി പെയിന്‍റ് നൈറ്റ് പരിപാടിക്കിടയിലായിരുന്നു അപകടം.


സ്കോട്ട്ലന്‍റിലെ പ്രെയ്സ്ലിയാണ് ഇവരുടെ സ്വദേശം. യുവാവിന് 1,30,000 പൗണ്ട് നഷ്ടപരിഹാരം കൊടുക്കണമെന്ന് മല്ലോർക്ക കോടതി വിധിച്ചു. ക്ലബുമായി ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി ഇതിന് മുൻപ് ഒരു തുക നഷ്ടപരിഹാരമായി നൽകിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എട്ടര ലക്ഷം പൗണ്ട് നഷ്ടപരിഹാരമായി വേണമെന്നാണ് ഡില്ലൻ ആദ്യം കോടതിയോട് ആവശ്യപ്പെ‌ട്ടത്. എന്നാൽ അപകടം തന്‍റെ ജീവിതം കീഴ്മേൽ മറിച്ചുവെന്ന വാദത്തിന് തെളിവുകൾ ഹാജരാക്കാൻ ഡില്ലന് സാധിക്കാതിരുന്നതോടെ ഈ ആവശ്യം കോടതി തള്ളി.

പിന്നീട് ക്ലബും ഇൻഷുറൻസ് കമ്പനിയും ചേർന്ന് നഷ്ടപരിഹാരത്തുക നൽകുകയായിരുന്നു. ഒരു സൈബർ സെക്യൂരിറ്റി കമ്പനിയിൽ ട്രെയിനിയായി ജോലി ചെയ്ത് വരവേയാണ് ഡില്ലന് അപകടമുണ്ടാകുന്നത്. അന്ന് യുവാവിന് വെറും പതിനെട്ട് വയസായിരുന്നു പ്രായം.

സ്പെയിനിലെ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡില്ലനെ സ്കോട്ട്ലന്‍റിൽ വിദ​ഗ്ധ ചികിത്സയ്ക്ക് കൊണ്ടു പോയെങ്കിലും ഫലമുണ്ടായില്ലെന്ന് അമ്മ ആഷ്ലി പറയുന്നു.

യുവാവിന്‍റെ കണ്ണുകൾ തകർന്ന നിലയിലായിരുന്നുവെന്നും ഇതുപോലൊരു അവസ്ഥ താൻ മുൻപ് കണ്ടിട്ടില്ലെന്ന് സർജൻ പറഞ്ഞുവെന്നും ഈ അമ്മ കണ്ണുനീരോടെ പറയുന്നു.