"ജോണ്‍സ് ബ്രേക്ക്ഫാസ്റ്റ്': ഒരു പ്രഭാതഭക്ഷണത്തിന്റെ കഥ
Wednesday, May 3, 2023 4:04 PM IST
നമ്മളില്‍ പലരും നിത്യേന മനസിന് പിടിച്ച ഒരു ഭക്ഷണശാലയിലാകും പോവുക. അവിടുത്തെ ചുവരും ടേബിളും കസാലയും ഒക്കെത്തന്നെ നാം അറിയാതെ എന്തൊ ഒരു ബന്ധം മനസില്‍ തീര്‍ത്തിരിക്കും.
ഇത്തരത്തില്‍ സ്ഥിരമെത്തുന്ന ആളുകളെ കടയുടമകളും ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും.ഇപ്പോഴിതാ ഒരു ഐറീഷ് കഫേയില്‍ സംഭവിച്ച ഒരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച.
അയര്‍ലണ്ടിലെ കഫേയായ ഗ്രാന്ജെകോണ് കിച്ചനില്‍ ജോണ്‍ എന്നൊരാള്‍ ദിവസേന ഭക്ഷണം കഴിക്കാനെത്തുമായിരുന്നു. എല്ലാത്തവണയും അദ്ദേഹം ഒരേതരം ആഹാരമാണ് കഴിച്ചിരുന്നത്.
പകുതി വേവിച്ച മുട്ടകളും സോസേജുകളും വറുത്ത പച്ചക്കറികളും ഉള്‍പ്പെടുന്ന ആ ഭക്ഷണം അദ്ദേഹത്തിന് അത്ര പ്രിയപ്പെട്ടതായിരുന്നു. ഒടുവില്‍ ഭക്ഷണശാലക്കാര്‍ വേറിട്ട ഒരുതീരുമാനം കെെകൊണ്ടു.
അവര്‍ ആ വിഭവത്തിന് തങ്ങളുടെ ഈ സ്ഥിരം കസ്റ്റമറുടെ പേര് നല്കി. അതോടെ മെനുവിലും ബില്ലിലുമൊക്കെ "ജോണ്‍സ് ബ്രേക്ക്ഫാസ്റ്റ്' എന്ന വിഭവം ഉടലെടുത്തു.
അവര്‍ ഈ മെനു കാര്‍ഡ് ജോണിനെ കാട്ടിയപ്പോള്‍ അദ്ദേഹം അതിശയിക്കുകയും സന്തോഷിക്കുകയുമുണ്ടായി. സമൂഹ മാധ്യമങ്ങളും ഇതില്‍ ഭക്ഷണശാലയുടമയെ അഭിനന്ദിച്ചു. "ഹൃദ്യമായ തീരുമാനം സ്നേഹം വിളമ്പിയിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.