എട്ടാം നിലയിലെ ജനലില്‍ തൂങ്ങിക്കിടക്കുന്ന മൂന്ന് വയസുകാരിയെ രക്ഷിക്കുന്ന കാഴ്ച
Thursday, April 27, 2023 2:06 PM IST
ഒരു ജീവന് കാക്കുക എന്നതിലും വലിയ പുണ്യം ഇല്ലെന്നാണ് പറയുക. പ്രത്യേകിച്ച് ഒരു കുട്ടിയുടെ ജീവന്. സമൂഹ മാധ്യമങ്ങള്‍ നിമിത്തം ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങള്‍ നമുക്കരികിലെത്തുന്നുണ്ട്.
ഇപ്പോഴിതാ അപകടത്തില്‍പ്പെട്ട ഒരു മൂന്നുവയസുകാരിയെ കുറച്ചാളുകള്‍ ചേർന്ന് രക്ഷിക്കുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. സംഭവം കസാക്കിസ്ഥാനിലെ സെജിയാംഗ് പ്രവിശ്യയിലെ ടോംഗ്സിയാംഗിലാണ്.
ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു മൂന്നുവയസുകാരി എട്ടാം നിലയിലെ ജനലില്‍ തൂങ്ങിക്കിടക്കുന്ന കാഴ്ചയാണുള്ളത്. കുട്ടിയുടെ ശരീരം ജനലിന്റെ ഗ്രില്ലുകള്‍ക്കിടയിലൂടെ താഴേക്ക് കിടക്കുകയാണ്. തലയും കെെയും മുകളിലും.
കുട്ടി കുറച്ചുനേരം കൈകുത്തി തല ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് കൈ കുഴഞ്ഞ കുട്ടി തല മാത്രമായി ജനലില്‍ തൂങ്ങിയാടുകയാണ്. ബോധരഹിതയായ കുട്ടി കാഴ്ചക്കാരിലും ആധിയുണ്ടാക്കുകയാണ്.
ഇതിനിടയില്‍ കുട്ടി അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍ വന്ന ഷെന്‍ ഡോംഗ് എന്നൊരാള്‍ രക്ഷിക്കാനെത്തുകയാണ്. അദ്ദേഹത്തിനൊപ്പം മറ്റുചിലരും എത്തുന്നു. അവര്‍ രണ്ട് സ്റ്റൂളുകള്‍ ഉപയോഗിച്ച് കുട്ടിയെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഒടുവിലവരതില് വിജയിക്കുന്നു.
ഈ സമയം മറ്റ് രണ്ടുപേര്‍ ഫ്ളാറ്റിനകത്ത് കയറി കുട്ടിക്കരികില്‍ എത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്യുന്നു. ഈ മനുഷ്യരുടെയൊക്കെ സാഹസികതയും സമയോചിത ഇടപെടലുമാണ് ആ ജീവന് പൊലിയാതിരിക്കാനുള്ള കാരണം.
സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര് ഇവരെ പുകഴ്ത്തി കമന്റുകളിട്ടു. "നിങ്ങള്‍ ശരിക്കും സൂപ്പര്‍ ഹീറോകളായി മാറയിരിക്കുന്നു' എന്നാണൊരാള്‍ കുറിച്ചത്.