മയക്കുമരുന്നു കടത്താൻ ആട്ടിൻകുട്ടി; ദമ്പതികളുടെ തന്ത്രം പൊളിച്ചു പോലീസ് നായ
Thursday, April 27, 2023 2:06 PM IST
കള്ളക്കടത്തുകാർ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇതിൽ മിക്കതും ചീറ്റിപ്പോകാറുമുണ്ട്. ഈവിധം പാളിപ്പോയ ഒരു തന്ത്രത്തെക്കുറിച്ചുള്ള വാർത്തയാണ് സ്കോട്ട്ലാൻഡിൽനിന്നു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോലീസിനെ വെട്ടിച്ചു മയക്കുമരുന്നു കടത്താൻ ദമ്പതികൾ പരീക്ഷിച്ച തന്ത്രം പൊളിച്ചതാകട്ടെ പോലീസ് നായയും.
10 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണു ദമ്പതികൾ കാറിൽ കടത്താൻ ശ്രമിച്ചത്. പോലീസിന്‍റെ ശ്രദ്ധ തിരിക്കുന്നതിനായി കാറിന്‍റെ പിൻസീറ്റിൽ ഇവർ ഒരു ആട്ടിൻകുട്ടിയെയും കയറ്റിയിരുന്നു.
വാഹനം പരിശോധിക്കാനായി പോലീസ് എത്തിയപ്പോൾ തുടക്കത്തിൽ ദന്പതികൾ ഉദേശിച്ചപോലെതന്നെ കാര്യങ്ങൾ നടന്നു. ഉദ്യോഗസ്ഥരുടെ ശ്രദ്ധ ആട്ടിൻകുട്ടിയിലേക്കുതന്നെ പോയി. എന്നാൽ പോലീസിനൊപ്പമുണ്ടായിരുന്ന ബില്ലി എന്ന നായ ആട്ടിൻകുട്ടിയെ ശ്രദ്ധിക്കാതെ കാറിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്നു കൃത്യമായി കണ്ടെത്തി.
കാറിന്‍റെ പിൻസീറ്റിലേക്ക് നായ ചാടിക്കയറിയപ്പോൾ പോലീസുകാർ ആദ്യം കരുതിയത് ആട്ടിൻകുട്ടിയെ കണ്ടിട്ടായിരിക്കുമെന്നാണ്. അതുകൊണ്ടുതന്നെ നായയെ ബലമായി പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മയക്കുമരുന്നു മണത്തു കണ്ടുപിടിക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച നായ പിൻവാങ്ങാൻ കൂട്ടാക്കാതെ വീണ്ടും സീറ്റിലേക്ക് ചാടിക്കയറി സീറ്റ് കടിച്ചു കീറാൻ ശ്രമിച്ചു.
സംശയം തോന്നിയ പോലീസുകാർ സീറ്റ് കീറി പരിശോധിച്ചപ്പോൾ അതാ സീറ്റിനുള്ളിൽ കൊക്കെയിന്‍റെയും ഹെറോയിന്‍റെയും വലിയശേഖരം. 50 വയസ് പ്രായമുള്ള ദമ്പതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്തു. ആട്ടിൻകുട്ടിയെ സമീപത്തെ ഒരു കർഷകനു പോലീസ് കൈമാറി.