സെഞ്ച്വറികളുടെ രാജാവിന് ഫിഫ്റ്റി; ആശംസകൾ
Monday, April 24, 2023 3:46 PM IST
നിത്യവിസ്മയം എന്ന വാക്കിന്റെ പര്യായപദമാണ് സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന പേര്. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത വായിച്ചാലും കൊതി തീരാത്ത ആ ക്രിക്കറ്റര്‍ക്ക് ഇന്ന് അമ്പതാം പിറന്നാള്‍.
എന്നാല്‍ സെഞ്ച്വറികളുടെ രാജാവിന് വയസ് അമ്പത് തികഞ്ഞിട്ടും ആരാധകരുടെ മനസില്‍ ഇന്നും ആ പഴയ ചിത്രം തന്നെയാണുള്ളത്. ആകെ ഇന്ത്യക്കാരുടെ പ്രതീക്ഷയുടെ ഭാരവുംപേറി നില്ക്കുന്ന ഒു ബാറ്റ്സ്മാന്റെ ചിത്രം.
കാലം കുറച്ചു പുറകോട്ടു നടന്നാല്‍, കൃത്യമായി പറഞ്ഞാല്‍ തൊണ്ണൂറുകളിലേക്കെത്തിയാല് നമ്മുടെ നാടിന്റെ ഏത് തെരുവിലും ഓരോ വീടുകളിലും സച്ചിന് തെണ്ടുല്‍ക്കര്‍ എന്ന ആ ഒരൊറ്റപേര് ആവേശത്തോടെ കേള്‍ക്കാന്‍ കഴിയും.
ഭാഷയ്ക്കും മതത്തിനും ജാതിക്കും ഒക്കെ മുകളിലായി നമ്മളെ ആ പേര് ഒന്നിപ്പിച്ചിരുന്നു. അത്ര വലിയ വികാരമായിരുന്നു സച്ചിന് രമേഷ് തെണ്ടുല്‍ക്കര്‍ എന്ന അഞ്ചടി അഞ്ചിഞ്ചുകാരന്. ആയിരുന്നു എന്നല്ല ഇപ്പോഴും നമ്മുടെ പ്രിയപ്പെട്ടവന് തന്നെയാണ് ഈ മനുഷ്യന്.
1973 ഏപ്രില്‍ 24ന് മുംബൈയില്‍ ആണ് സച്ചിന്റെ ജനനം. മറാത്തി കവിയായ പിതാവ് രമേഷ് തെണ്ടുല്‍ക്കര്‍ ആണ് സച്ചിന് ആ പേര് നല്‍കിയത്. പ്രമുഖ സംഗീതജ്ഞന് സച്ചിന് ദേവ് ബര്‍മനോടുള്ള ആരാധനയില്‍ നിന്നാണ് അദ്ദേഹംപുത്രന് ഈ പേര് നല്‍കിയത്.
ടെന്നിസില്‍ പ്രിയം കാണിച്ചിരുന്ന സച്ചിനെ സഹോദരന് അര്ജുന് ആണ് ക്രിക്കറ്റിലേക്ക് വഴി തിരിച്ചത്.
1989 നവംബര്‍ 15ന്, തന്റെ 16-ാം വയസില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ പാക്കിസ്ഥാനെതിരേ കറാച്ചി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ശേഷം നടന്നതൊക്കെ ചരിത്രം.
വളരെ പെട്ടെന്നുതന്നെ ഇന്ത്യയെന്ന വലിയ രാജ്യത്തിലെ കോടിക്കണക്കിനാളുകളുടെ ഹൃദയം അദ്ദേഹം കവര്‍ന്നു. വാര്‍ത്താ മാധ്യമ സൗകര്യങ്ങളും പിആര്‍ഒ സൗകര്യങ്ങളും അത്ര ഇല്ലാത്ത കാലത്താണ് ഇദ്ദേഹം ഇത്ര ജനകീയനായതെന്നത് ആരെയും അതിശയിപ്പിക്കും.
ചിലര്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ഇഷ്ടപ്പെട്ടപ്പോള്‍ സ്ത്രീകളടക്കമുള്ള ഒരുപാടുപേര് സച്ചിന് എന്ന മനുഷ്യന്റെ എളിമയെ ഇഷ്ടപ്പെട്ടു. റിക്കാര്‍ഡുകള്‍ ഒന്നൊന്നായി കെട്ടിപ്പടുക്കുമ്പോഴും, സമ്പത്ത് കുമിഞ്ഞ് കൂടുമ്പോഴും ഒക്കെ അയാള്‍ ശാന്തനും മാറ്റമില്ലാത്തവനുമായി കാണപ്പെട്ടത് ആളുകളില്‍ ഏറെ ബഹുമാനം ജനിപ്പിച്ചു.
തനിക്ക് പ്രിയപ്പെട്ട എല്ലാവരേയും എന്നും അതേപടി നിലനിര്‍ത്താന്‍ സച്ചിന് കഴിഞ്ഞു എന്നത് വലിയൊരു കാര്യം തന്നെയാണ്. ഒട്ടുമിക്കവര്‍ക്കും സാധിക്കാത്ത ഈ സവിശേഷത തന്നെയാണ് ക്രിക്കറ്റര്‍ എന്നതിലുപരിയായി ആരാധകര്‍ സച്ചിനില്‍ കാണുന്ന ഒരു മഹത്വം.
നാളിതുവരെയുള്ള ആ മനുഷ്യന്റെ എല്ലാ വിശേഷങ്ങളും നാം ഇന്ത്യക്കാരുടേത് കൂടിയായിരുന്നു. 1995ല്‍ അദ്ദേഹം ഡോ. അഞ്ജലിയെ വിവാഹം കഴിച്ചതും, മക്കളായ സാറായും, അര്‍ജുനും ജനിച്ചതും, ടെന്നീസ് എല്‍ബോ അസുഖം സച്ചിനെ ബാധിച്ചതും അങ്ങനെ എന്തുതന്നെയായാലും അത് നമ്മുടെ കൂടി ചര്‍ച്ചകളായി മാറി.
1999 ലോക കപ്പിനിടെ സച്ചിന്റെ അച്ഛന് മരണപ്പെട്ടതും മരണകര്‍മങ്ങള്‍ ചെയ്തശേഷം മടങ്ങിയെത്തി രാജ്യത്തിനായി അദ്ദേഹം ബാറ്റേന്തിയതും ആര്‍ക്കും മറക്കാന്‍ കഴിയുന്ന ഒന്നല്ല. കെനിയയ്ക്കെതിരേ 101 പന്തില്‍ തീര്‍ത്ത 140 റണ്‍സ് അച്ഛന്റെ ഓര്‍മകള്‍ക്ക് കൂടിയായിരുന്നല്ലൊ.
ക്രിക്കറ്റ് കോഴ വിവാദത്തില്‍ ആകെ ആടി ഉലഞ്ഞപ്പോഴും തകരാഞ്ഞത് ഈ മനുഷ്യനില്‍ ഇന്ത്യക്കാര്‍ക്കുള്ള വിശ്വാസം ഒന്ന് നിമിത്തമാണ്. 2010ല്‍ ഏകദിനത്തിലെ ആദ്യ ഇരട്ട ശതകം പിറന്നപ്പോള്‍ ആരാധകരുടെ മനസില്‍ അദ്ദേഹം അമാനുഷ്യനായി മാറിയെന്നു പറയാം.
അതിനു മുമ്പും പലവിശേഷണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കിലും അപ്രാപ്യമായ ഒന്നിനെയാണ് അദ്ദേഹം അന്ന് കീഴടക്കിയത്.
2013നവംബറില്‍ അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയേപ്പോള് ഉള്ളുലയാഞ്ഞ ഒരു സച്ചിന് ആരാധകനും കാണില്ല. ഒരുപക്ഷേ ഈ ലോകംതന്നെ ദുഃഖിച്ച ദിനങ്ങളില്‍ ഒന്നാകാമത്.
1989- 2013, ഇക്കാലയളവില്‍ റിക്കാര്‍ഡുകളുടെ പെരുമഴ തന്നെയായിരുന്നു സച്ചിന് തീര്‍ത്തത്. അതില്‍ മിക്കതും ഒരിക്കലും തിരുത്താന്‍ കഴിയില്ല എന്നതാണ് സത്യം. ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഒരായിരം തവണ വായിച്ചിരിക്കാം എന്നതാണ് വാസ്തവം.
എന്നിരുന്നാലും എത്ര എഴുതിയാലും മടുപ്പുളവാക്കാത്ത ആ ചരിതം ഇനിയും വായിക്കപ്പെടുമെന്ന് നിസംശയം അറിയാം. നമ്മുടെ പ്രിയപ്പെട്ട സച്ചിന് തന്റെ ജീവിതത്തിന്റെ ഇന്നിംഗ്സില്‍ അമ്പത് തികയ്ക്കുമ്പോള്‍ നമുക്കദ്ദേഹത്തിന് ദീര്‍ഘായുസ് നേരാം...