"ഒരു പക്ഷിയും മനുഷ്യനും നമ്മുടെ ഹൃദയത്തെ തൊടുമ്പോള്‍'; ആരിഫിന്റെ കഥ
Monday, April 17, 2023 1:58 PM IST
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ താമസിക്കുന്ന ആരിഫിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലെ. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങള്‍, പ്രത്യേകിച്ച് പക്ഷി സ്നേഹികള്‍ ഏറ്റവും ചേര്‍ത്തുപിടിച്ച പേരാണത്. അതിന് കാരണം ഒരു സാരസ കൊക്കും ഇദ്ദേഹവും തമ്മിലുള്ള സ്നേഹത്തിന്റെ കഥയാണ്.
കഴിഞ്ഞ വര്‍ഷമായിരുന്നു വയലില്‍ പരിക്കേറ്റ രീതിയില്‍ ഒരു കൊക്കിനെ ആരിഫ് ഖാന് കണ്ടെത്തിയത്. ഇദ്ദേഹം ഈ പക്ഷിയെ വീട്ടില്‍കൊണ്ടുപോയി പരിചരിച്ചു. അങ്ങനെ ഇവര്‍ തമ്മില്‍ നല്ല സൗഹൃദം ഉടലെടുത്തു.
ഈ കൊക്ക് ആരിഫ് പോകുന്നിടത്തൊക്കെ കൂടെ ചെല്ലാന്‍ തുടങ്ങി. അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുമ്പോഴും ഇത് കൂടെക്കൂടി. എന്നാല്‍ ആരിഫിന്റെയും കൊക്കിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ പുലിവാലായി.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് കൊക്കിനെ കൈപ്പറ്റി. പോരാഞ്ഞ് വന്യജീവി നിയമപ്രകാരം ആരിഫിനെതിരേ കേസെടുക്കുകയും ചെയ്തു. കൊക്കിനെ കാണ്‍പൂര്‍ മൃഗശാലയിലേക്കാണ് മാറ്റിയത്. അവരുടെ വേര്‍പാടിന്റെ കഥ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു.
ആരിഫ് ഖാനെ കാണാതായതോടെ ഈ കൊക്ക് ആകെ ദുഃഖിതനായി. അത് ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കിയില്ല. എന്നാല്‍ കഴിഞ്ഞദിവസം ആരിഫ് ഖാന് ഈ മൃഗശാലയിലേക്ക് എത്തി.
തന്റെ ചങ്ങാതിയെ കണ്ടയുടന്‍ ഈ കൊക്ക് ഉഷാറായി. അത് തന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ കൂട്ടില്‍ കിടന്ന് പറന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നെറ്റിസണില്‍ വലിയ ചര്‍ച്ചയായി.
ആ പക്ഷിയുടെ സന്തോഷത്തെയാണ് നിയമം കാണാതെ പോയതെന്ന് ചിലര്‍ കുറിച്ചു. ഒറ്റപ്പെട്ട സംഭവം നിമിത്തമല്ല നിയമത്തെ വിലയിരുത്തേണ്ടതെന്ന് മറ്റ് ചിലരും പറഞ്ഞു. എന്തായാലും തന്റെ ചങ്ങാതിയെ ഇത്തരത്തില്‍ കൂട്ടിലിടാതെ പക്ഷി സങ്കേതത്തിലേക്ക് മാറ്റണമെന്നാണ് ആരിഫ് പറയുന്നത്. കാരണം സ്വാതന്ത്ര്യം അത്ര പ്രധാനമാണ്...