മമത പറക്കുന്നു... ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്ക്...
ഋഷി
Thursday, March 23, 2023 2:10 PM IST
വിലക്കുകളും നിയന്ത്രണങ്ങളും ഏറെയുണ്ടായിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. ആ ഗ്രാമത്തിൽനിന്നാണ് മമതാ ചൗധരി എന്ന പെൺകുട്ടി ആകാശത്തിൽ മേഘ കീറുകൾക്കിടയിലൂടെ ഇപ്പോൾ പറന്നു നടക്കുന്നത്.
അതവളുടെ സ്വപ്നമായിരുന്നു, ലക്ഷ്യമായിരുന്നു. കൈയെത്തും ദൂരത്തല്ലെങ്കിലും ആ മരച്ചില്ലയിലേക്ക് അവൾ പറന്നു കൊണ്ടേയിരുന്നു.. ഇത്തിഹാദ് എയർവേയ്സിലെ കാബിൻക്രൂ മമത ചൗധരിയുടെ സ്വപ്ന കഥ..
ഫ്ലാഷ്ബാക്ക്...
അരുത് എന്ന വാക്ക് ഏറെ മുഴങ്ങിക്കേട്ടിരുന്ന രാജസ്ഥാനിലെ ഒരു ഗ്രാമം. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏറെ കൽപ്പിച്ചു കൊടുത്ത ഒരു നാട്. മമതയുടെ കുട്ടിക്കാലം അവിടെയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ഒട്ടും എളുപ്പമല്ലായിരുന്ന സാഹചര്യം. ദിവസവും അഞ്ചു കിലോമീറ്ററോളം നടന്നാണ് മമത സ്കൂളിൽ പോയിരുന്നത് .
എന്തിനാണ് പെൺകുട്ടികൾ പഠിക്കുന്നത് എന്ന് ചോദ്യം പോലും ഉയർന്നിരുന്നു. പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും മാത്രം പഠിച്ചാൽ പോരെ എന്നായിരുന്നു ആ ഗ്രാമത്തിലുള്ള പലരും മമതയോട് ചോദിച്ച ചോദ്യം. പക്ഷേ അവൾ മറുപടി പറഞ്ഞില്ല അതിനൊന്നും. കാരണം അവളുടെ മനസിൽ വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു. കുടുംബം ജോലിചെയ്യുന്ന ഫാമിലേക്ക് പിന്നെയും 10 കിലോമീറ്റർ നടക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ നടന്നു നടന്ന് അവൾ പഠിച്ചു.
ഇനി നടക്കാൻ അല്ല ഓടാനും പറക്കാനും ആണ് ഉള്ളതെന്ന തിരിച്ചറിവിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോളേജിലേക്ക് പഠിക്കാൻ പോകണമെന്നവൾ തീരുമാനിച്ചു. ജീവിതത്തിലെ ആദ്യത്തെ കടമ്പ അതായിരുന്നു.
സ്കൂളിൽ പോലും പോകേണ്ടെന്ന് പറഞ്ഞിരുന്നവർക്ക് അവളുടെ കോളജിലേക്കുള്ള യാത്ര ഒട്ടും ദഹിക്കുന്നതായിരുന്നില്ല. എന്നാൽ കോളേജിൽ പഠിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറാൻ മമത ഒരുക്കമായിരുന്നില്ല. കുടുംബം അവളെ വീട്ടിൽനിന്ന് പുറത്താക്കി. കുടുംബവിളക്ക് ആവേണ്ടവൾക്ക് കുടുംബ വിലക്ക് ഏർപ്പെടുത്തി. പക്ഷേ തോറ്റു പിന്മാറാൻ മമത തയ്യാറായിരുന്നില്ല. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് അവൾ മുന്നോട്ടു പോയി.
"എനിക്കൊരുപാട് കാര്യങ്ങൾ എനിക്കുവേണ്ടി തന്നെ ചെയ്യാനുണ്ട് എന്ന തിരിച്ചറിവ് എന്നെ മുന്നോട്ടു നയിച്ചു. ഞാൻ നേടുന്നത് എനിക്ക് മാത്രമല്ല എന്‍റെ ഗ്രാമത്തിലെ ഓരോ പെൺകുട്ടിക്കും വേണ്ടിയാണെന്ന് ഞാൻ വിശ്വസിച്ചു' - തന്‍റെ പോരാട്ടങ്ങളുടെ കഥ മമത പറഞ്ഞു തുടങ്ങി...
"എനിക്കന്ന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. ഇംഗ്ലീഷ് പഠിക്കാൻ ക്ലാസുകളിൽ പോകാൻ പൈസയും കൈയിലില്ലായിരുന്നു. യൂട്യൂബ് വഴിയാണ് ഇംഗ്ലീഷ് പഠിച്ചത്. എന്തെങ്കിലുമൊക്കെ ആയി തീരണം എന്നുള്ള വല്ലാത്ത ആഗ്രഹം തോന്നി. കുടുംബത്തിന്‍റെ പിന്തുണയോടെ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത നാളുകൾ... പക്ഷേ പിടിച്ചുനിന്നു. പിടിച്ചുനിൽക്കാതെ പറ്റുമായിരുന്നില്ല.
പക്ഷേ അപ്പോഴും എന്തായി തീരണം എന്ന ലക്ഷ്യം എന്‍റെ മുന്നിൽ വ്യക്തമായിരുന്നു. എന്തെങ്കിലുമൊക്കെ ആയിത്തീരുക എന്നത് മാത്രമായിരുന്നു സ്വപ്നം. ആ സ്വപ്നത്തിന് ചിറക് വെച്ചത് ഡൽഹിയിൽ പഠിക്കുമ്പോൾ ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടതിനുശേഷമാണ്.
ക്യാബിൻ ക്രൂവിനെക്കുറിച്ചോ ഫ്ലൈറ്റ് അറ്റൻഡന്‍റുമാരെക്കുറിച്ചോ ഞാൻ അതുവരെ കേട്ടിരുന്നില്ല.
ഡൽഹിയിൽ പഠിക്കുന്ന സമയത്താണ് ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടത്. അതോടെ പഠനം ആ വഴിക്കായി. യുട്യൂബിൽ ക്യാബിൻ ക്രൂവിനെക്കുറിച്ചുള്ള വീഡിയോകൾ കണ്ടു. എനിക്ക് രസം തോന്നി. ഇതുതന്നെയാണ് എന്‍റെ വഴിയെന്ന് ഞാൻ അപ്പോൾ മനസിലാക്കി. ഒരു ക്യാബിൻ ക്രൂ ആവുക എന്നതായി എന്‍റെ മുന്നിലെ ലക്ഷ്യം.
ഏതൊരു പെൺകുട്ടിയുടെയും മോഹം നടത്തിക്കൊടുക്കാൻ പിന്തുണയും സാമ്പത്തിക പിന്തുണയുമായി അച്ഛനും അമ്മയും ഉണ്ടാകും. പക്ഷേ എനിക്കത് ഉണ്ടായില്ല. കുടുംബത്തെ വല്ലാതെ മിസ് ചെയ്യുന്നു എന്ന് തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. പലപ്പോഴും കഴിക്കാൻ ഭക്ഷണം പോലും കിട്ടിയിരുന്നില്ല. വിഷാദത്തിലേക്ക് ഞാൻ വീണുപോകും എന്ന് തോന്നിപ്പോയി. പക്ഷേ ഞാൻ തോറ്റില്ല.. തോൽക്കാൻ എനിക്ക് മനസില്ലായിരുന്നു..'
ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.. എയർപോർട്ടിൽ ടേക്ക് ഓഫിന് കാത്തു കിടക്കുന്ന ഇത്തിഹാദ് എയർവേയ്സ്. അതിനുള്ളിൽ മമത ചൗധരിയുണ്ട്. ക്യാബിൻ ക്രൂ മമത ചൗധരി. 2022ലാണ് മമത ഇത്തിഹാദ് എയർവേസിൽ ഒരു ക്യാബിൻ ക്രൂവായി ജോലിയിൽ പ്രവേശിച്ചത്.
ഇത്തിഹാദിനൊപ്പം ആദ്യമായി പറക്കുമ്പോൾ മമത കാണിച്ചുകൊടുക്കുകയായിരുന്നു - നിങ്ങൾ ആരാണെന്നും നിങ്ങൾ ആരാകാമെന്നും നിർണ്ണയിക്കാൻ ആരെയും, ഒരു സാഹചര്യത്തെയും അനുവദിക്കരുത്. നിങ്ങളുടെ സ്വപ്നങ്ങൾക്കായി പോരാടുക, കാരണം മറ്റാരും നിങ്ങൾക്കായി ഇത് ചെയ്യാൻ പോകുന്നില്ല എന്ന സത്യം.
ആദ്യ യാത്രയിൽ എല്ലാ മാനേജർമാരും ഇത്തിഹാദിലെ എല്ലാ ജീവനക്കാരും മമതയ്ക്ക് പൂർണ പിന്തുണയും പ്രോത്സാഹനവുമായി കൂടെ നിന്നു.
സന്തോഷകരമായ ക്ലൈമാക്സ്
പഠിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതിന് മകളെ പുറത്താക്കിയ ആ കുടുംബം ഇപ്പോൾ ഉണ്ട്.
23 രാജ്യങ്ങൾ മമത ഇതിനകം സന്ദർശിച്ചു കഴിഞ്ഞു. അച്ഛന് ഒരു കാർ വാങ്ങിക്കൊടുത്തു. സ്വന്തം ജീവിതം ഒരുപാട് പെൺകുട്ടികൾക്ക് മാതൃകയാക്കിയത് കൊണ്ട് ഇന്ത്യയിലെ വിവിധ സ്കൂളുകളിൽ മമത ക്ലാസ് എടുത്തു കഴിഞ്ഞു.
അച്ഛനെയും അമ്മയെയും ഒക്കെ അബുദാബി കാണിക്കാൻ കൊണ്ടുവരണം. ഞാൻ ജോലി ചെയ്യുന്ന അതേ വിമാനത്തിൽ ആയിരിക്കും ഞാൻ അവരെ കൊണ്ടുവരിക എന്ന് മമത പറയുന്നു.
ഇത്തിഹാദ് എയർവെയ്സ് ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു. മമതയുടെ സ്വപ്നങ്ങളും.