കടം വീട്ടാന്‍ ഭര്‍ത്താവ് നെട്ടോട്ടമോടുമ്പോള്‍ മൂന്നുകോടി ലോട്ടറിയടിച്ച ഭാര്യ വേറെ കെട്ടി ഞെട്ടിച്ച കഥ
Wednesday, March 22, 2023 3:09 PM IST
വിവാഹം എന്നത് രണ്ടുപേരുടെ ഒന്നിച്ചുള്ള ഒരു യാത്രയുടെ തുടക്കമാണല്ലൊ. സന്തോഷത്തില്‍ മാത്രമല്ല ദുഃഖ സമയത്തും താങ്ങായി കൂടെയുണ്ടാകും എന്നുള്ള ഒരു ധാരണ അതിലുണ്ടാകും.
തത്ഫലമായി പല കഷ്ടസമയത്തും കൂടെ നില്ക്കുന്ന പങ്കാളികളെ സമൂഹത്തില്‍ കാണാം. അതേ സമയം സ്വന്തം ജീവിതത്തിന് പ്രാധാന്യം നല്കി പങ്കാളിയെ വിട്ടുപോകുന്നവരെയും കാണാം. പലര്‍ക്കും അവരവരുടേതായ ന്യായം പറയാനുണ്ടെങ്കിലും സമൂഹത്തില്‍ ഇത്തരം പ്രവണതകള്‍ ചര്‍ച്ചയാകാറുണ്ട്.
അത്തരമൊരു സംഭവമാണ് സമൂഹ മാധ്യമങ്ങളില്‍ നിലവിൽ ചര്‍ച്ചയാകുന്നത്. തായ്ലന്ഡില് നിന്നുള്ള നരിന്‍ എന്ന 47കാരന് തന്റെ ഭാര്യയ്ക്കെതിരേ നല്കിയ ഒരു കേസാണ് ചര്‍ച്ചയ്ക്ക് ആധാരം.
20 വര്‍ഷം മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. ചാവീവാന് എന്ന സ്ത്രീയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തത്. വൈകാതെ ഇവര്‍ക്ക് മൂന്നുമക്കളും ജനിച്ചു.
എന്നാല്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധി ഈ കുടുംബത്തെ സാരമായി ബാധിച്ചുതുടങ്ങി. കടം രണ്ട് മില്ല്യണ്‍ ബാത്തില്‍ ( ഏകദേശം 48 ലക്ഷം ഇന്ത്യന്‍ രൂപ) എത്തി. വേറെ വഴിയില്ലാതെ വന്നപ്പോള്‍ നരിന്‍ 2014 ല്‍ ദക്ഷിണ കൊറിയയിലേക്ക് ജോലി തേടിപ്പോയി.
ഭാര്യയെ നാട്ടില്‍ കുട്ടികളെ സംരക്ഷിക്കാനായി നിർത്തി. എല്ലാ മാസവും ഇദ്ദേഹം ഏകദേശം 75,000 രൂ വരെ വീട്ടിലേക്കയച്ചിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം ഇദ്ദേഹം ഭാര്യയെ ഫോണില്‍ വിളിക്കുമ്പോള്‍ ലഭിക്കാതെയായി. ഒടുവില്‍ നരിന്‍ നാട്ടിലേക്കെത്തി.
തായ്ലന്ഡില് തിരിച്ചെത്തിയപ്പോഴാണ് നരിന്‍ ഞെട്ടിക്കുന്ന ആ വാര്‍ത്ത മനസിലാക്കിയത്. ചാവീവാന് എന്ന തന്റെ ഭാര്യയ്ക്ക് 12 ദശലക്ഷം ബാത്ത് (2.9 കോടി രൂപ) ലോട്ടറി സമ്മാനം അടച്ചിരുന്നത്രെ. മാത്രമല്ല അവര്‍ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തുപോലും.
പുതിയ ഭര്‍ത്താവ് ഒരു പോലീസുദ്യോഗസ്ഥനായിരുന്നു. ഇതൊന്നും പോരാഞ്ഞിട്ട് ഇദ്ദേഹം അന്നാള്‍വരെ അയച്ച പണവും അവര്‍ കൈക്കലാക്കിപോലും.
20 വര്‍ഷം കൂടെയുണ്ടായിരുന്ന ഭാര്യ ഇങ്ങനെ ചതിക്കുമെന്ന് നരിന്‍ തീരെ പ്രതീക്ഷിച്ചില്ല. ഇദ്ദേഹം അവര്‍ക്കെതിരേ കേസ് നല്കിയിരിക്കുകയാണിപ്പോള്.
എന്നാല്‍ ലോട്ടറി അടിക്കുന്നതിനും കാമുകനെ വിവാഹം കഴിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ നരിനുമായി വേര്‍പിരിഞ്ഞെന്നാണ് ചവീവാന് പറയുന്നത്. ഏതായാലും സംഭവത്തില്‍ അന്വേഷണം നടക്കുകയാണിപ്പോള്‍. നരിന്റെ ജീവിതകഥ സൈബര്‍ ലോകത്തെ ഞെട്ടിച്ചെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.