ജയിലിൽ മൊട്ടിട്ട അപൂർവപ്രണയം; കാമുകി ജയിൽ വാർഡൻ, കാമുകൻ തടവുപുള്ളി
Tuesday, March 21, 2023 7:26 AM IST
പ്രണയം യുദ്ധമാണ്, രണ്ടു പേർ ചുംബിക്കുന്പോൾ ലോകം മാറുന്നു...വിഖ്യാത മെക്സിക്കൻ കവി ഒക്ടാവിയോ പാസിന്‍റെ വരികളാണിത്. പ്രണയത്തിൽ എല്ലാമടങ്ങിയിരിക്കുന്നു. ചിലപ്പോൾ നിശബ്ദമായ മലകളായി തോന്നാം ചിലപ്പോൾ അലയടിക്കുന്ന സമുദ്രമായും. പ്രണയം എന്ന വികാരത്തെ നിർവചനങ്ങളിലൊതുക്കുക എന്നതു പ്രയാസകരം.
അർജന്‍റീനയിൽനിന്നു പുറത്തുവന്ന ഒരു പ്രണയകഥ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. കാമുകി ജയിൽ വാർഡൻ, കാമുകനാകട്ടെ അതേ ജയിലിൽ കൊലപാതകക്കുറ്റത്തിനു ശിക്ഷയനുഭവിക്കുന്ന തടവുപുള്ളിയും..! കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ഒടുവിൽ ജോലി രാജിവച്ചു. ജയിലിൽ വച്ച് ഇരുവരും കണ്ടിട്ടേയില്ല എന്നതാണ് ഏറ്റവും കൗതുകകരം.
അർജന്‍റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലെ വാർഡറായ ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. ജയിലിൽ വച്ച് പരസ്പരം കാണാത്ത ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്‍ക്ക് മെസേജ് അയക്കുകയായിരുന്നു.
ജയിലിനകത്ത് കഴിയവെതന്നെ ഡ്വാർട്ടെ ബിരുദത്തിനു പഠിക്കുന്നുണ്ടായിരുന്നു. അതിന് വേണ്ടി ലാപ്ടോപ്പും മൊബൈൽ ഫോണും അനുവദിച്ചിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിൽ മെസേജ് അയയ്ക്കുന്നത്. പിന്നീട് ഇരുവരും വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. വിവാഹിതരാവാനും തീരുമാനിച്ചു. അടുത്തിടെ ആൻഡ്രിയയുമായുള്ള ചിത്രങ്ങൾ ഡ്വാർട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണു അപൂർവ പ്രണയം പുറംലോകമറിയുന്നത്.
സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെടേയും ചിത്രങ്ങൾ പുറത്ത് വന്നത് വലിയ വിവാദമായിരുന്നു. തുടർന്നു ജോലി രാജിവച്ച ആൻഡ്രിയ ശിക്ഷ കഴിഞ്ഞു കാമുകൻ പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ്. കൊലപാതകക്കുറ്റത്തിന് 15 വർഷത്തേക്കാണ് ഡ്വാർട്ട് ശിക്ഷയനുഭവിക്കുന്നത്.