പെരുവഴിയില്‍ നിന്നും ഒരുപെണ്‍കുട്ടിയെ രണ്ടുപേര്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്നു; പ്രതികരിക്കാതെ നാട്ടുകാര്‍
Monday, March 20, 2023 11:46 AM IST
സമീപകാലത്തായി സമൂഹത്തില്‍ ക്രിമിനല്‍ വാസന കൂടിവരികയാണ്. അടുത്തിടെയായി നടക്കുന്ന പല സംഭവങ്ങളും ആരെയും ഞെട്ടിക്കുന്നതാണ്. എന്നാല്‍ മിക്കപ്പോഴും ഇക്കാര്യങ്ങളില്‍ പൊതുജനം പുലര്‍ത്തുന്ന നിസാരതയാണ് ഏറെ ഞെട്ടലുളവാക്കുന്നത്.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നടുറോഡില്‍ നടന്ന ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഡല്‍ഹിയിലെ മംഗോള്‍പുരി മേല്‍പ്പാലത്തില്‍ വെച്ച് രണ്ട് പുരുഷന്മാര് ഒരുപെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റുകയാണ്.
പലരും ഈ സംഭവം തങ്ങളുടെ മൊബൈലില്‍ പകര്‍ത്തി. എന്നാല്‍ ഒരാളുപോലും ഇക്കാര്യത്തില്‍ ആ യുവാക്കളെ ചോദ്യം ചെയ്യുന്നില്ല. ആ പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കുമെന്നോ വന്നവര്‍ ആരെന്നൊ അവരുടെ ചിന്തയ്ക്ക് വിഷയം ആയതുപോലുമില്ലെന്ന് തോന്നും.
സമൂഹ മാധ്യമങ്ങള്‍ വഴി ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇക്കൂട്ടരെല്ലാം മിടുക്ക് കാട്ടി എന്നത് എടുത്ത് പറയേണ്ടതില്ലല്ലൊ.
ഏതായാലും സംഭവം ശ്രദ്ധയില്‍പ്പെട്ട ഡല്‍ഹി പോലീസ് സ്വമേധയാ നടപടിയെടുക്കുകയും പെണ്‍കുട്ടിയേയും യുവാക്കളേയും കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തി വരികയാണെന്നും അവളുടെ മൊഴിയനുസരിച്ച് ഭാവി നടപടി തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു.