സുഹൃത്തിന്റെ ഓര്‍മയ്ക്കായി നിരത്തില്‍ സുരക്ഷിത കൈകളുമായി ഒരാള്‍; ഇന്ത്യയുടെ "ഹെല്‍മെറ്റ് മാനെ'ക്കുറിച്ച്
Friday, March 17, 2023 5:22 PM IST
ഓരോ വര്‍ഷവും ലക്ഷക്കണക്കിനാളുകളാണ് വാഹനാപകടം നിമിത്തം ഈ ലോകത്തുനിന്നും മാറ്റപ്പെടുന്നത്. ഇന്ത്യയിലും അപകടമരണങ്ങള്‍ ഒട്ടുംകുറവല്ല. മിക്കപ്പോഴും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്.
അതില്‍തന്നെ കുറേപേര്‍ എങ്കിലും മരണപ്പെടാനുള്ള കാരണം ഹെല്‍മെറ്റ് ധരിക്കാത്തതാണ്. പലരും പോലീസിനെ കാണുമ്പോള്‍ മാത്രമാണ് ഹെല്‍മെറ്റ് വയ്ക്കുക.
എന്നാല്‍ നിരത്തുകളില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നവര്‍ക്ക് സൗജന്യമായി ഹെല്‍മെറ്റ് നല്കുന്ന ഒരാളുണ്ട് നമ്മുടെ രാജ്യത്ത്. "ഇന്ത്യയുടെ ഹെല്‍മറ്റ് മാന്‍' എന്നാണ് ആള് അറിയപ്പെടുന്നത്. ബിഹാര്‍ സ്വദേശിയായ രാഘവേന്ദ്ര സിംഗ് ആണ് ഇദ്ദേഹം.
2014ല്‍ രാഘവേന്ദ്രയുടെ ചങ്ങാതിമാരിലൊരാള്‍ അപകടത്തിൽപെടുകയുണ്ടായി. ആ സുഹൃത്ത് കുറേ നാള് വെന്റിലേറ്ററില്‍ കിടന്നശേഷം മരിച്ചു. ഹെല്‍മെറ്റ് വയ്ക്കാത്തിനാലാണ് ഈ സുഹൃത്തിന് ഇത്തരത്തില്‍ അന്ത്യം ഭവിച്ചതെന്ന് മനസിലാക്കിയ രാഘവേന്ദ്ര അന്നുമുതല്‍ ഹെല്‍മെറ്റ് ബോധവത്ക്കരണം ആരംഭിച്ചു.
നിലവില്‍ രാജ്യത്തുടനീളം 56,000 ഹെല്‍മെറ്റുകള്‍ ഇദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. ഹെല്‍മെറ്റ് വാങ്ങുന്നതിനുള്ള ചെലവുകള്‍ക്കായി ഗ്രേറ്റര്‍ നോയിഡയിലെ തന്റെ വീടും ഭാര്യയുടെ ആഭരണങ്ങളുംവരെ വില്ക്കാന് ഇദ്ദേഹം തുനിഞ്ഞത്രെ.
നിരവധി സംഘടനകളും സമൂഹ മാധ്യമങ്ങളുമൊക്കെ ഇദ്ദേഹത്തിന്റെ ഈ സത്പ്രവര്‍ത്തിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ധരിക്കേണ്ടുന്നതിന്റെ പ്രാധാന്യം വായനക്കാരും തിരിച്ചറിഞ്ഞെങ്കിൽ...