"പേര് വേണ്ട ആ കുഞ്ഞ് രക്ഷപ്പെട്ടാല്‍ മതി'; എസ്എംഎ ബാധിതനായ കുട്ടിക്കായി 11 കോടി നല്കി അജ്ഞാതനായ "മനുഷ്യന്'
Tuesday, February 21, 2023 2:44 PM IST
നമുക്ക് ചുറ്റും ധാരാളം മനുഷ്യരുണ്ട്. എന്നാല്‍ മനുഷ്യത്വം ഉള്ളവര്‍ കുറവായിരിക്കും. ആപത്ത് സമയങ്ങളില്‍ ചിലര്‍ ദൈവദൂതന്മാരായി മാറാറുണ്ട്. തക്ക സമയത്ത് ഉതകുന്ന ഇത്തരക്കാരെ സാധാരണ ആര്‍ക്കുംതന്നെ മറക്കുവാനെ സാധിക്കാറില്ല.
ഇപ്പോഴിതാ തന്റെ മനസിന്റെ വലിപ്പം നിമിത്തം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് അജ്ഞാതനായ ഒരാള്‍.
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്എംഎ) സ്ഥിരീകരിച്ച കുഞ്ഞാണ് അങ്കമാലി സ്വദേശി നിര്വാന് സാരംഗ്. 16 മാസം മാത്രം പ്രായമാണ് നിര്വാനുള്ളത്.
17.5 കോടിയിലേറെ ചെലവ് വരുന്ന സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് എസ്എംഎയ്ക്ക് വേണ്ടത്. രണ്ട് വയസ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് മരുന്ന് നല്‍കിയാലെ കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ.
മെര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ സാരംഗിനും ഭാര്യ അതിഥിയ്ക്കും ഇതൊരു വലിയ തുക തന്നെ ആയിരുന്നു. തങ്ങളുടെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യമെടുത്താലും അമേരിക്കയില്‍ നിന്ന് ഈ മരുന്നെത്തിക്കാന്‍ കഴിയുമൊ എന്ന ആശങ്കയിലായിരുന്നവര്‍. ഇതോടെയാണ് സുമനസുകളുടെ സഹായം തേടാന്‍ അവര്‍ ആലോചിച്ചത്.
മിലാപ് എന്ന ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയാണ് അവർ നിര്‍വാന്റെ ചികിത്സക്കായി തുക ശേഖരിച്ചത്. മികച്ച പ്രതികരണമാണ് സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. സമൂഹ മാധ്യമങ്ങളും നല്ല പിന്തുണയാണ് ഈ മാതാപിതാക്കള്‍ക്ക് നല്‍കിയത്.
എന്നിരുന്നാലും ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ ഇത്രയും വലിയ തുകയിലെത്തുമെന്ന് അറിഞ്ഞവരൊക്കെ ആശങ്കപ്പെട്ടു. അപ്പോഴാണ് ഏവരേയും ഞെട്ടിച്ച് അജ്ഞാതനായ ഒരു വലിയ മനുഷ്യന് വിദേശത്തുനിന്നും എത്തിയത്.
കുഞ്ഞ് നിര്‍വാന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (11.6 കോടി ഇന്ത്യന്‍ രൂപ)യാണ് അദ്ദേഹം സംഭാവന ചെയ്തത്. എന്നാല്‍ തന്റെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല.
മിലാപിനെയാണ് അദ്ദേഹം തുക ഏല്പിച്ചത്. അതിനാല്‍ത്തന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പോലും ഇത്രയും വലിയ തുക നല്കിയ വ്യക്തി ആരാണെന്ന് അറിയില്ല. തനിക്ക് പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാര്‍ത്തകള്‍ കണ്ടപ്പോള്‍ കുഞ്ഞ് നിര്വാന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന് മാത്രമാണ് ആഗ്രഹമെന്നും തുക നല്‍കിയയാള്‍ പറഞ്ഞതത്രെ.
ഏതായാലും ഈ 11 കോടിയുടെ സഹായത്തോടെ നിര്‍വാന്റെ ചികിത്സാ സഹായ നിധിയില്‍ 16 കോടിയിലധികം രൂപയായി. ഇനി ഏകദേശം 80 ലക്ഷം രൂപ കൂടിയാണ് ആ കുഞ്ഞിനാവശ്യമുള്ളത്.
ഈ ലോകത്ത് ഇനിയും നന്മ അവശേഷിക്കുന്നതിനാല്‍ അത് നിശ്ചയമായും ലഭിക്കുമെന്ന ഉറപ്പിലാണ് നിര്‍വാന്റെ മാതാപിതാക്കള്‍. മരുന്നു കമ്പനിയുമായി സംസാരിച്ച് ഈ തുകയില്‍ സാവകാശം ചോദിച്ചതായും കുടുംബം പറയുന്നു.
ഒരു മനുഷ്യന്റെ വലിയ മനസറിഞ്ഞ എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയാണ്. കൂടാതെ കുഞ്ഞ് നിര്വാന് എത്രയും വേഗം സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് എത്തണമെന്ന പ്രാര്‍ഥനയും ഉണ്ടാകുന്നു.