16 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച കാന്താര എന്ന കന്നഡ ചിത്രം ഇപ്പോള്‍ 400 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണല്ലൊ. മിക്ക ഇന്ത്യന്‍ ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ ചിത്രം വലിയൊരു വിജയംതന്നെയാണ് കരസ്ഥമാക്കിയിരിക്കുന്നത്.

ചിത്രത്തിലെ അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഋഷഭ് ഷെട്ടിക്ക് കഴിഞ്ഞു. എന്തിനേറെ സാക്ഷാല്‍ രജനികാന്ത് പോലും കാന്താരയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഹോംബലെ ഫിലിംസ് നിര്‍മിച്ച ഈ ചിത്രത്തില്‍ ഋഷഭ് ഷെട്ടി അവതരിപ്പിച്ച കടുബെട്ടു ശിവയായി എത്തേണ്ടിയിരുന്നത് അടുത്തിടെ മരണപ്പെട്ട കന്നഡ പവര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറായിരുന്നു.

പക്ഷെ തന്‍റെ തിരക്കുകള്‍ നിമിത്തം സാന്‍ഡല്‍വുഡിന്‍റെ പ്രിയപ്പെട്ട അപ്പുവിന് ഈ ചിത്രത്തിന് ഡേറ്റ് നല്‍കാനായില്ല. പുനീത് തന്നെയാണ് ഋഷഭിനെ ഈ വേഷം ചെയ്യാന്‍ നിര്‍ബന്ധിച്ചത്.


എന്നാല്‍ കാന്താരയില്‍ തങ്ങളുടെ അപ്പു ആയിരുന്നുവെങ്കില്‍ പോസ്റ്റര്‍ എങ്ങനെ ആയിരിക്കുമെന്ന് ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ഒരു ആരാധകന്‍. ഡിജിറ്റല്‍ ആര്‍ട്ടിസ്റ്റ് കുശാല്‍ ഹിരേമത്താണ് ഈ പോസ്റ്റര്‍ തയ്യാറാക്കിയത്.

പുനീതിന്‍റെ വ്യത്യസ്തമായ ഫോട്ടോ ഉപയോഗിച്ചാണ് കുശാല്‍ ഇത്തരത്തില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഈ ഡിസൈന്‍ വൈറലായി മാറി.

ഈ ചിത്രം കണ്ട് അപ്പുവിന്‍റെ ആരാധകര്‍ വികാരഭരിതരായി. "ഇന്ന് എല്ലായിടത്തും കാന്താര വിജയിക്കുകയാണ്. പക്ഷെ ഈ ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ പുനീത് ഒപ്പമില്ല' എന്നാണൊരു ആരാധകന്‍ കമന്‍റിൽ കുറിച്ചത്.