കാലത്തിന്‍റെ കാവ്യനീതി എന്നു കേട്ടിട്ടില്ലെ. അതാണിപ്പോള്‍ ഇംഗ്ലണ്ടില്‍ സംഭവിച്ചിരിക്കുന്നത്. സ്വന്തം ഭരണകര്‍ത്താക്കളുടെ തകര്‍ച്ചയും പുതിയൊരു നേതാവിന്‍റെ ഉദയവും സംഭവിക്കുകയാണവിടെ.

കാലം ഏറെ പുറകോട്ടുപോയാല്‍, അതായത് ബ്രിട്ടീഷ് രാജ് കാലഘട്ടത്തില്‍ ഇന്ത്യയിലെ 500ല്‍ അധികം ക്ലബുകളുടെയും ജിംഖാനകളുടെയും സൈന്‍ബോര്‍ഡുകളില്‍ വായിക്കാനാകുന്ന ഒരെഴുത്തുണ്ട്; "നായ്ക്കളും ഇന്ത്യക്കാരും അനുവദനീയമല്ല’ എന്നായിരുന്നത്.

തങ്ങളുകടെ പ്രതാപ കാലത്ത് ലോകം മുഴുവന്‍ കോളനികള്‍ സ്ഥാപിച്ച് മുന്നേറിയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തില്‍ അന്നൊരു ഇന്ത്യനെക്കുറിച്ച് അത്രമാത്രം മതിപ്പേ ഉണ്ടായിരുന്നുളളു.

പിന്നീട് വിവിധ ജാതികള്‍ അനുകരിച്ച വേര്‍തിരിവന്‍റെ ചില വിത്തുകള്‍ പാകിയത് അവരായിരുന്നെന്ന് ഒരുതരത്തില്‍ പറയാനാകും.

നിരവധി സമരങ്ങള്‍ക്കൊടുവില്‍ 1947ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കഴിഞ്ഞപ്പോഴും ഈ ബോര്‍ഡുകള്‍ പറിച്ചെറിയപ്പെട്ടത് ഇടങ്ങളില്‍ നിന്നുമാത്രമാണ്. അതും ഒരുപാട് നാളുകള്‍ക്കുശേഷം.

ഈ അവഹേളനത്തിന്‍റെ നോവ് അനുഭവിച്ചവരാണ് ആ തലമുറയിലെ ഇന്ത്യക്കാര്‍. എന്നാല്‍ കാലം എപ്പോഴും അതിന്‍റേതായ ശരികള്‍ ചമയ്ക്കാറുണ്ട്.

ഇന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറം, 2022ല്‍ അങ്ങ് ഇംഗ്ലണ്ടിന്‍റെ പ്രധാനമന്ത്രിക്കസേരയില്‍ ഋഷി സുനക് എന്നയാള്‍ ഇരിക്കുമ്പോള്‍ അതൊരു ചരിത്രം മാത്രമല്ല ചരിത്രത്തിന്‍റെ നീതി കൂടിയാണ്. കാരണം ഇംഗ്ലണ്ടില്‍ പിറന്നെങ്കിലും ഇന്ത്യന്‍ വംശജനും ഇന്ത്യയുടെ മരുമകനും ആണ് ഋഷി സുനക്.


ഇദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ റാംദാസ് സുനക് ജനിച്ചത് പഞ്ചാബിലെ ഗുര്‍ജന്‍വാലാ എന്ന സ്ഥലത്തായിരുന്നു. ആദ്യം ആഫ്രിക്കന്‍ രാജ്യമായ കെനിയയിലും ഒടുവില്‍ ഇംഗ്ലണ്ടിലേക്കും കുടിയേറി എങ്കിലും ഇവര്‍ ഇന്ത്യക്കാരായിത്തന്നെയാണ് തുടര്‍ന്നത്.

ലിസ് ട്രസിന്‍റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഈ 42കാരന്‍ ബ്രിട്ടന്‍റെ ഉന്നത പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജന്‍ കൂടിയാണ്.

അദ്ദേഹത്തിന്‍റെ ഈ സ്ഥാനനേട്ടം എല്ലാ ഇന്ത്യക്കാരെയും ഒന്ന് ആവേശത്തിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ചരിത്ര ബോധമുള്ള ഭാരതീയരെ.

കാലമിപ്പോള്‍ ചരിത്രത്തോട് പറയുന്നുണ്ടാകും പിഴുതെറിയപ്പെടുന്ന വിവേചനങ്ങളെക്കുറിച്ച്. ഇന്ത്യന്‍ വംശജനായ ഈ പുതിയ ബ്രിട്ടീഷ് പ്രധാന മന്ത്രിയെക്കുറിച്ച് നമുക്കും അഭിമാനിക്കാം; കാരണം ഇപ്പോള്‍ ഇന്ത്യന്‍സ് അനുമതി നിഷേധിക്കപ്പെട്ട ഇടത്തല്ല; താക്കോല്‍ സ്ഥാനത്താണ്.