ട്രെയിനില്‍ യുവതിക്ക് പ്രസവവേദന;തുണയായി മെഡിക്കല്‍ വിദ്യാര്‍ഥിനിയും സഹയാത്രികരും
Wednesday, September 14, 2022 4:27 PM IST
ട്രെയിന്‍ യാത്രയ്ക്കിടയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് തുണയായി മെഡിക്കല്‍ വിദ്യാര്‍ഥിനി. ആന്ധ്രാ പ്രദേശിലാണ് സംഭവം.
ചൊവ്വാഴ്ച പുലര്‍ച്ചെ സെക്കന്തരാബാദ്- വിശാഖപട്ടണം തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ഗര്‍ഭിണിയായ 28കാരി. ഹൈദരാബാദില്‍ സ്വകാര്യ കമ്പനി ജീവനക്കാരായ യുവതിയും ഭര്‍ത്താവും പ്രസവ തീയതി അടുത്തതിനാല്‍ സ്വന്തം നാടായ ശ്രീകാകുളത്തേക്ക് പോകുകയായിരുന്നു.
എന്നാല്‍ പുലര്‍ച്ചെ 3.30ഓടെ യുവതിക്ക് പ്രസവവേദന തുടങ്ങി. അവര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ അതേ കോച്ചില്‍ യാത്ര ചെയ്ത മെഡിക്കല്‍ വിദ്യാര്‍ഥി യുവതിയെ സഹായിക്കാന്‍ മുന്നോട്ടുവന്നു.
അവിഭക്ത ഗുണ്ടൂര്‍ ജില്ലയിലെ നരസറോപേട്ടില്‍ നിന്നുള്ള കെ.സ്വാതി റെഡ്ഡി എന്ന 23കാരിയാണ് സഹായത്തിനെത്തിയത്. ഗീതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനയാണ് സ്വാതി.
ആശുപത്രിയില്‍ അസിസറ്റന്‍റ് പ്രഫസര്‍ ആണെങ്കിലും സ്വാതി സ്വതന്ത്രയായി പ്രസവം കൈകാര്യം ചെയ്തിരുന്നില്ല. മാത്രമല്ല യുവതിയുടെ ആദ്യത്തെ പ്രസവം ആയതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു.
തുടക്കത്തില്‍, പ്ലാസന്‍റാ 45 മിനിറ്റായി പുറത്തുവരാത്തത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. ഏതായാലും പുലര്‍ച്ചെ 5.35ന് ട്രെയിന്‍ അന്നവാരത്തിന് സമീപം എത്തിയപ്പോള്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പക്ഷെ വിജയവാഡയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ വീണ്ടും ഒന്നര മണിക്കൂര്‍ എടുത്തു.
നവജാത ശിശുക്കളെ ചൂടുള്ള അവസ്ഥയില്‍ സൂക്ഷിക്കണമെന്നാണ്. എന്നാല്‍ ഇവര്‍ സഞ്ചരിച്ചിരുന്നത് എസി ബോഗിയിലായിരുന്നു. പക്ഷെ മറ്റ് യാത്രക്കാര്‍ അവരുടെ പുതപ്പുകള്‍ നല്‍കി. സ്വാതി അതുകൊണ്ട് കുഞ്ഞിനെ പൊതിഞ്ഞു.
കമ്പാര്‍ട്ടുമെന്‍റിനെ താല്‍ക്കാലിക ഡെലിവറി റൂമാക്കി മാറ്റാന്‍ മറ്റ് യാത്രക്കാര്‍ വളരെയധികം സഹായിച്ചുവെന്ന് സ്വാതി പിന്നീട് പറഞ്ഞു. ഒടുവില്‍ അനകപ്പള്ളി സ്റ്റേഷനില്‍ ആംബുലന്‍സ് എത്തി അമ്മയേയും നവജാതശിശുവിനെയും എന്‍.ടി.ആര്‍. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുഞ്ഞിനെ പിന്നീട് ഇന്‍കുബേറ്ററിലേക്ക് മാറ്റി.
ഏതായാലും തക്ക സമയത്ത് ഇടപെട്ട സ്വാതിയെ കോളജിലെ സഹപാഠികളും പ്രിന്‍സിപ്പലും നാട്ടുകാരുമൊക്കെ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്.