നിലവില്‍ കര്‍ണാടകയിലെ ബെന്നാര്‍ഗട്ട കരടി സംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ് ഓഡം എന്ന കരടി. 2009ല്‍ കുറച്ചാളുകള്‍ ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്ന ഈ കരടിയെ മൃഗസ്നേഹികള്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

"നൃത്തം ചെയ്യുന്ന കരടി' എന്ന നിലയില്‍ പ്രശസ്തനായിരുന്ന ഓഡത്തിന് പേരുനല്‍കിയത് പ്രശസ്ത ഹോളിവുഡ് നടി ജൂലിയ റോബര്‍ട്സാണ്. " ഈറ്റ് പ്രേ ലൗ’ എന്ന തന്‍റെ സിനിമയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ അവര്‍ ഈ മൃഗശാല സന്ദര്‍ശിച്ചപ്പോഴാണ് കരടിക്ക് ഓഡമെന്ന പേരിട്ടത്.

ഇത്തരത്തില്‍ ഏറെ പ്രശസ്തനായ ഈ കരടി സന്ദര്‍ശകര്‍ക്കും വളരെ പ്രിയപ്പെട്ടവനാണ്. എന്നാല്‍ അടുത്തിടെ മിടുക്കനായിരുന്ന ഓഡം പെട്ടെന്ന് നിഷ്ക്രിയനാവുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. അവരത് മൃഗഡോക്ടറെ അറിയിക്കുകയും ചെയ്തു.

ഡോക്ടര്‍മാര്‍ ഓഡത്തെ എക്സ്റേ പരിശോധന നടത്തിയപ്പോള്‍ കരടിയുടെ മുകള്‍ഭാഗത്തെ പല്ലുകളിലൊന്ന് പാതി ഒടിഞ്ഞതായി കണ്ടെത്തി. തന്മൂലം കരടിക്ക് കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതായി അവര്‍ക്ക് മനസിലായി.


ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ ഓഡത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ആ പല്ല് നീക്കം ചെയ്യുകയുമുണ്ടായി. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, റിസര്‍ച്ച് ആന്‍ഡ് വെറ്റനറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. അരുണ്‍ എ.ഷായുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകള്‍ നടത്തിയത്.

ശസ്ത്രക്രിയാനന്തര പരിചരണത്തിന്‍റെ ഭാഗമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വേദനസംഹാരികള്‍ ജീവനക്കാര്‍ അഞ്ചുദിവസത്തേക്ക് നല്‍കുകയും ഭക്ഷണക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തതോടെ ഓഡം സാധാരണ നിലയിലേക്ക് തിരിച്ചെത്തി.

ഇപ്പോള്‍ തന്‍റെ പ്രിയപ്പെട്ട ആഹാര സാധനങ്ങളൊക്കെ യഥേഷ്ടം അകത്താക്കി നല്ല ചുറുചുറുക്കോടെ സന്ദര്‍ശകരെയും കാത്തിരിക്കുകയാണ് 22കാരനായ ഓഡം.