ലഡാക്ക് മേഖലയിലെ മാര്‍ഖ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന കാംഗ് യാറ്റ്സെ, ഡിസോ ജോംഗോ എന്നീ പര്‍വതനിരകള്‍ കയറി ആഗോളതലത്തില്‍ പുതിയ റിക്കാര്‍ഡ് തീര്‍ത്തിരിക്കുകയാണ് ഹെെദരാബാദില്‍ നിന്നുള്ള വിശ്വനാഥ് കാര്‍ത്തികേ എന്ന 13 കാരന്‍.

ഹൈദരാബാദിലെ ഒരു സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിശ്വനാഥ് കാര്‍ത്തികേ കഴിഞ്ഞ ദിവസമാണീ അപൂര്‍വ നേട്ടം കൈവരിച്ചത്. ജൂലൈ ഒമ്പതിന് കാംഗ് യാറ്റ്സെയിലേക്കും ഡിസോ ജോംഗോയിലേക്കും തുടങ്ങിയ ട്രെക്കിംഗ് 22 നാണ് വിശ്വനാഥ് അവസാനിപ്പിച്ചത്. ദേശീയ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഈ വിദ്യാര്‍ഥിയുടെ നേട്ടത്തെ വലിയ വാര്‍ത്തയാക്കിയിരുന്നു.

യാത്രാ മധ്യേ വായുവില്‍ ഈര്‍പ്പം കുറഞ്ഞതിനാല്‍ തനിക്ക് ശ്വാസ തടസമടക്കം നിരവധി പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും യാത്ര പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിശ്വനാഥ് പറഞ്ഞു.


മുമ്പ് ഗംഗോത്രിക്കടുത്തുള്ള റുദുഗൈര പര്‍വതത്തിലും റഷ്യയിലെ എല്‍ബ്രസ് പര്‍വതത്തിലും ട്രെക്കിംഗ് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ പരാജയ ശ്രമങ്ങള്‍ ഒരു അനുഗ്രഹം മാത്രമായിരുന്നുവെന്ന് വിശ്വനാഥ് പറഞ്ഞു.

ട്രെക്കിംഗ് ആസ്വദിക്കുന്ന സഹോദരി വൈഷ്ണവിയില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടാണ് വിശ്വനാഥ് ഈ മേഖലയലേക്ക് വന്നത്. അമ്മ ലക്ഷ്മിക്കും പരിശീലകര്‍ക്കും നന്ദി പറയുന്ന കാര്‍ത്തികേ തന്‍റെ അടുത്ത ലക്ഷ്യം എവറസ്റ്റും ഏഴ് കൊടുമുടികളുമാണെന്ന് പറഞ്ഞു.

ഭാവിയില്‍ സേനയില്‍ ചേരുക എന്നതാണ് തന്‍റെ ആഗ്രഹമെന്നും വിശ്വനാഥ് കാര്‍ത്തികേ കൂട്ടിച്ചേര്‍ത്തു.