"ജന ഗണ മന...' എന്നു തുടങ്ങുന്ന നമ്മുടെ ദേശീയഗാനം എല്ലാവര്‍ക്കും തന്നെ ഹൃദ്യസ്ഥമായിരിക്കും. സ്കൂള്‍ കാലത്ത് ദേശീയഗാനം എല്ലാ അധ്യായന ദിവസങ്ങളിലും നാം ശ്രവിക്കാറുമുണ്ടായിരുന്നല്ലൊ.

ഇപ്പോളിതാ ഇന്ത്യയുടെ ദേശീയഗാനം ഏഴ് മണിക്കൂറിനുള്ളില്‍ 75 തവണ ആലപിച്ച് വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംനേടിയിരിക്കുകയാണ് തെലുങ്കാനയില്‍ നിന്നുള്ളൊരു യുവതി. തെലുങ്കാനയിലെ കരിംനഗര്‍ സ്വദേശിനിയായ പാണ്ഡുഗ അര്‍ച്ചനയാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.

പാണ്ഡുഗ കീര്‍ത്തി കുമാറിന്‍റെയും ദേവപാലയുടെയും മകളാണ് പാണ്ഡുഗ അര്‍ച്ചന. കുട്ടിക്കാലം മുതല്‍ ദേശീയഗാനം പാടാന്‍ അര്‍ച്ചനയ്ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. പ്രൈമറി സ്കൂളില്‍ പഠിക്കുന്ന കാലത്ത് റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനാഘോഷങ്ങളിലും ദേശീയഗാനം അവര്‍ പാടുമായിരുന്നത്രെ.


നിലവില്‍ ഒരു സ്വകാര്യ കോളജില്‍ വൈസ് പ്രിന്‍സിപ്പലായി ജോലി ചെയ്യുകയാണ് അര്‍ച്ചന. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് അവര്‍ 75 തവണ ദേശീയ ഗാനം ആലപിച്ചത്.

വേള്‍ഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടിയ പാണ്ഡുഗ അര്‍ച്ചനയെ കരിംനഗര്‍ പോലീസ് കമ്മീഷണര്‍ വി സത്യനാരായണ, അഡീഷണല്‍ കളക്ടര്‍ ശ്യാംലാല്‍ പ്രസാദ്, മുന്‍ സിറ്റി മേയര്‍ സര്‍ദാര്‍ രവീന്ദര്‍ സിംഗ് എന്നിവര്‍ അഭിനന്ദിച്ചു.