കാലുകൾ ഉപയോഗിച്ച് അവൾ പറന്നുയർന്നത് ചരിത്രത്തിലേക്ക്
Saturday, May 18, 2019 3:31 PM IST
കാലുകൾ മാത്രം ഉപയോഗിച്ച് വിമാനം പറത്തി ജസീക്ക കോക്സ് പറന്നുയർന്നത് ചരിത്രത്തിലേക്ക്. വലതു കാൽ യോക്കിലും ഇടതുകാൽ ഉപയോഗിച്ച് ടേക്ക് ഓഫിന് തയാറെടുക്കുന്നതുമെല്ലാം അരിസോണ സ്വദേശിയായ ജസീക്കയെ സംബന്ധിച്ച് നിസാരമായ കാര്യമാണ്.
അരിസോണ സ്വദേശിയായി ജസീക്കയ്ക്ക് ജനിച്ചതു മുതൽ ഇരു കൈകളുമില്ല. വളരെ സാധാരണമായ രീതിയിലാണ് ജസീക്കയെ അമ്മ പ്രസവിച്ചത്. എന്നാൽ നിങ്ങളുടെ മകൾക്ക് കൈകളില്ലെന്ന് ഡോക്ടർ മാതാപിതാക്കളോട് പറഞ്ഞപ്പോൾ ഇരുവരും തകർന്നു പോയി. അമ്മയ്ക്കായിരുന്നു കൂടുതൽ വിഷമം.
കൈകളില്ലാത്തതിന്റെ കുറവ് വളർച്ചയുടെ ഒരു ഘട്ടത്തിലും അവൾക്ക് പ്രശ്നമായിരുന്നില്ല. ജീവിതത്തിൽ നേടിയെടുത്ത ധൈര്യത്തിനും കരുത്തിനും അവൾ നന്ദി പറയുന്നത് മാതാപിതാക്കളോടാണ്. എവിടെ സഞ്ചരിക്കുവാനും എനിക്ക് കരുത്ത് നൽകിയത് അവരാണെന്ന് ഉറച്ച സ്വരത്തിലാണ് ജസീക്ക പറയുന്നത്.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ജസീക്കയ്ക്ക് ഭയമായിരുന്നു. അപ്പോഴെല്ലാം ദൈവത്തോട് പ്രാർഥിക്കും. എന്നാൽ ഒരു ചെറു വിമാനത്തിലുള്ള യാത്രയാണ് ജസീക്കയുടെ ജീവിതം മാറ്റി മറിച്ചത്. പൈലറ്റ് ജസീക്കയെ വിമാനം പറത്തുന്ന വിധമെല്ലാം കാണിച്ചു കൊടുത്തു. അപ്പോഴാണ് എന്തിനെയാണോ നമ്മൾ ഭയക്കുന്നത് അതിനെ നമ്മൾ അടുത്ത് കാണുകയും അഭിമുഖീകരിക്കുകയും ചെയ്യണമെന്ന് ജസീക്ക തിരിച്ചറിഞ്ഞത്.
അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും 2005ൽ ബിരുദം സ്വന്തമാക്കിയതിനു ശേഷം പൈലറ്റാകുവാനുള്ള പരിശീലനം ജസീക്ക ആരംഭിച്ചു. എന്നാൽ അത് എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. അർപ്പണമനോഭാവമുള്ള ഒരു പരിശീലകനെ ജസീക്കയ്ക്ക് ആവശ്യമായിരുന്നു. മൂന്ന് വർഷത്തെ പരിശീലന കാലയളവിൽ നിരവധി പൈലറ്റുമാർ ജസീക്കയ്ക്ക് നിർദ്ദേശങ്ങൾ പറഞ്ഞു നൽകി. അവസാനം തെറ്റ് കുറ്റങ്ങൾക്ക് വിരാമമിട്ട് ജസീക്ക വിമാനം പറത്താനുള്ള കഴിവ് നേടിയെടുത്തു.
എന്നാൽ ജസീക്കയുടെ മുന്നിലെ തടസങ്ങൾ പൂർണമായും മാറിയിരുന്നില്ല. അവൾക്ക് ചേരുന്ന വിമാനം, വിമാനം പറത്തുന്നതിനുള്ള ലൈസൻസ് എന്നിവയെല്ലാം ആവശ്യമായിരുന്നു. 2008ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ യൂറോപ്പിലേക്ക് വിമാനം പറത്താനുള്ള അനുമതി ജസീക്കയ്ക്കു നൽകി.

ജീവിതത്തോട് പടപൊരുതിയ കാലയളവിൽ ഒരുപാട് ചോദ്യങ്ങൾ, ഒരുപാട് സംശയങ്ങൾ, ഒരു പാട് ആകുലതകൾ എന്നിവയെല്ലാം ജസീക്ക നേരിടേണ്ടി വന്നു. എന്നാൽ ഇതൊക്കെ നടക്കുമോ എന്ന ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാതിരുന്ന ജസീക്ക വിമാനം കൊണ്ട് ആകാശത്ത് വട്ടമിട്ടാണ് സംശയങ്ങൾക്കെല്ലാം മറുപടി നൽകിയത്.
രണ്ട് കൈകളും ഇല്ലാത്തതിനാൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ച ജസീക്ക സാധാരണ കുട്ടികൾക്കൊപ്പമാണ് പഠിച്ചത്. ഡാൻസ്, നീന്തൽ തുടങ്ങിയവയിലെല്ലാം ജസീക്ക മുന്നിലായിരുന്നു. എന്നാൽ വികലാംഗ എന്ന പേരാണ് ജസീക്കയെ ഏറെ വിഷമിപ്പിച്ചത്.

പക്ഷെ ജീവിത വഴിയി തടസമായി നിന്ന വിധിയെ തോൽപ്പിച്ച് നെയ്തെടുത്ത പുതിയ ജീവിതത്തിൽ ജസീക്ക പൂർണമായും സന്തോഷവതിയാണ്. നേടിയെടുക്കും എന്ന വാക്ക് മനസിൽ എഴുതി ചേർത്താൽ പിന്നെ ഒന്നിനും നമ്മളെ തോൽപ്പിക്കാനാവില്ല എന്ന ചിന്തയാണ് ജസീക്കയുടെ ജീവിത വിജയം.