അനുകമ്പയുടെ മാലാഖയായി ടെയ്ലർ സ്വിഫ്റ്റ്: പിഞ്ചുബാലികയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ സംഭാവന നൽകി
Sunday, October 19, 2025 8:08 PM IST
പോപ് സംഗീത ലോകത്തെ വിസ്മയമായ ടെയ്ലർ സ്വിഫ്റ്റ്, തന്റെ മനുഷ്യസ്നേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. അപൂർവവും തീവ്രവുമായ മസ്തിഷ്ക അർബുദത്തോട് ധൈര്യപൂർവം പൊരുതുന്ന ലിലാ എന്ന രണ്ടുവയസുകാരിയുടെ ചികിത്സാ സഹായത്തിനായി അവർ ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) സംഭാവന നൽകി.
ലിലായുടെ കുടുംബം ആരംഭിച്ച "ഗോ ഫണ്ട് മീ' എന്ന കാമ്പയിനിലേക്ക് ഈ വലിയ തുക കൈമാറിയത്. സംഭാവനയോടൊപ്പം സ്വിഫ്റ്റ് കുറിച്ച വരികൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു: "എന്റെ കൂട്ടുകാരി ലിലായ്ക്ക് ഏറ്റവും വലിയ ആലിംഗനം അയക്കുന്നു! സ്നേഹത്തോടെ, ടെയ്ലർ', ഈ ഹൃദയസ്പർശിയായ കുറിപ്പ് വൈറലായതോടെ, ആരാധകർ സ്വിഫ്റ്റിനെ "യഥാർഥ ജീവിതത്തിലെ മാലാഖ' എന്ന് വാഴ്ത്തി.
കൂടാതെ, സ്വിഫ്റ്റിന്റെ ഭാഗ്യനമ്പറായ 13-ന്റെ ഓർമ്മയ്ക്കായി നിരവധിപേർ 13 ഡോളർ വീതം സംഭാവന ചെയ്ത് ഈ സഹായപ്രവർത്തനത്തെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കി. ഈ വർഷം ആദ്യം, പെട്ടെന്നുള്ള അപസ്മാരത്തെ തുടർന്നാണ് ലിലായുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നത്.
പരിശോധനയിൽ സ്റ്റേജ് നാലിലെ അക്രമാസക്തമായ കാൻസറാണെന്ന് സ്ഥിരീകരിച്ച മസ്തിഷ്ക ട്യൂമർ, ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തിരുന്നു. തുടർ ചികിത്സകൾക്ക്, അതായത് മാസങ്ങളോളം നീണ്ടുനിൽക്കുന്ന കീമോതെറാപ്പിക്കും സ്റ്റെം സെൽ തെറാപ്പിക്കും ഭീമമായ തുക ആവശ്യമായിരുന്നു.
വർദ്ധിച്ചുവരുന്ന ആശുപത്രി ബില്ലുകളും ചികിത്സാ ചെലവുകളും താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് മാതാപിതാക്കൾ സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്. കുട്ടികളുടെ കാൻസർ അവബോധ പേജിലെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയാവാം സ്വിഫ്റ്റ് ഈ ദുരിതം അറിഞ്ഞതെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
മറ്റൊരു കുഞ്ഞു കാൻസർ രോഗി ലിലായ്ക്ക് വേണ്ടി ഫ്രണ്ട്ഷിപ്പ് ബ്രേസ്ലെറ്റുകൾ ഉണ്ടാക്കി ഫണ്ട് ശേഖരിക്കുന്നതിനെക്കുറിച്ചും, ടെയ്ലർ സ്വിഫ്റ്റ് തന്റെ "ഏറ്റവും നല്ല കൂട്ടുകാരി' ആകണമെന്ന ലിലായുടെ നിഷ്കളങ്കമായ ആഗ്രഹത്തെക്കുറിച്ചും ആ പോസ്റ്റിൽ പരാമർശിച്ചിരുന്നു.
ഈ മനോഹരമായ ആഗ്രഹം ഗ്രാമി ജേതാവായ സ്വിഫ്റ്റിന്റെ മനസിൽ ആഴത്തിൽ സ്പർശിക്കുകയും, അതാണ് ഇത്രയും വലിയ സഹായത്തിന് പിന്നിലെന്നും കരുതപ്പെടുന്നു. ടെയ്ലറുടെ സഹായത്തിന് പിന്നാലെ, "ഗോ ഫണ്ട് മീ' കാമ്പയിനിലെ ആകെ തുക നിമിഷങ്ങൾക്കകം 1,78,000 ഡോളറിനടുത്ത് (ഏകദേശം 1.48 കോടി രൂപ) എത്തി, ലക്ഷ്യം കവിഞ്ഞു. ഈ വലിയ സംഭാവന തങ്ങളുടെ ഏറ്റവും വിഷമകരമായ സമയത്ത് "ആശ്വാസവും, കരുത്തും' നൽകിയെന്ന് ലിലായുടെ കുടുംബം നിറഞ്ഞ മനസോടെ അറിയിച്ചു.