93-ാം വയസിൽ അച്ഛനായി ഡോ. ജോൺ ലെവിൻ; 56 വയസ് കുറഞ്ഞ ഭാര്യക്കൊപ്പം രണ്ടാമത്തെ കുഞ്ഞിനായുള്ള തീവ്രശ്രമം
Wednesday, October 15, 2025 7:23 PM IST
ആഗോള ശ്രദ്ധയാകർഷിച്ച ഒരു ജീവിതകഥയാണ് ഓസ്ട്രേലിയയിലെ 93-കാരനായ ഡോക്ടർ ജോൺ ലെവിന്റേത്. വാർദ്ധക്യത്തെ തോൽപ്പിച്ച്, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ 37-കാരിയായ ഭാര്യ ഡോ. യാങ്യിങ് ലുവിൽ ഒരു കുഞ്ഞിന് അച്ഛനായിരുന്നു ലെവിൻ. എന്നാലിപ്പോൾ ഇരുവരും അടുത്ത കുഞ്ഞിനായുള്ള തീവ്രമായ ശ്രമങ്ങളിലാണ്.
"ആരോഗ്യകരമായ വാർദ്ധക്യ വിദഗ്ധൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ മെൽബൺ സ്വദേശി, തന്നേക്കാൾ 56 വയസിന് ഇളയ ഭാര്യയ്ക്കൊപ്പം കുടുംബം വികസിപ്പിക്കാൻ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ മാർഗം വീണ്ടും തേടുകയാണ്.
"ഗാബി' എന്ന് പേരിട്ട മകനെ വരവേറ്റതിന്റെ സന്തോഷം മറച്ചുവെക്കാത്ത, ഈ പ്രക്രിയ വളരെ ശ്രമകരമായിരുന്നെങ്കിലും വലിയ പ്രതിഫലം നൽകിയെന്ന് ഡോ. ലെവിൻ പറയുന്നു. "ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു, വീണ്ടും അതിലൂടെ കടന്നുപോകാൻ പൂർണ സജ്ജരാണ്,' അടുത്ത കുഞ്ഞിനായുള്ള പ്രതീക്ഷ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു.

ഒരു പെൺകുഞ്ഞിനെയാണ് ഇരുവരും ആഗ്രഹിക്കുന്നത്. തന്റെ ജീവിതശൈലിയിലെ കണിശതയാണ് ദീർഘായുസിന്റെ രഹസ്യമെന്ന് ഡോ. ലെവിൻ അവകാശപ്പെടുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുടങ്ങാതെ ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ കുത്തിവയ്പ്പുകൾ എടുക്കുന്ന അദ്ദേഹം ദിവസവും വ്യായാമം ചെയ്യുകയും മദ്യവും പുകയിലയും പൂർണമായി ഒഴിവാക്കുകയും ചെയ്തു.
"ചിട്ടയും കൃത്യമായ ജീവിതശൈലിയുമാണ്, ദീർഘവും ക്രിയാത്മകവുമായ ജീവിതത്തിന്റെ താക്കോൽ,' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ വാർദ്ധക്യം സജീവമായ രക്ഷാകർതൃത്വത്തിന് തടസമാകില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു പറയുന്നു. "എന്റെ മകന്റെ 21-ാം ജന്മദിനത്തിന് ഞാൻ ഒപ്പമുണ്ടാകണം എന്നതാണ് എന്റെ ലക്ഷ്യം,' അദ്ദേഹം പറഞ്ഞു.
ഇത് യാഥാർഥ്യമായാൽ ഡോക്ടർ ലെവിന്റെ പ്രായം 116 ആകും. ജൂതമതത്തിലെ പ്രധാന ചടങ്ങായ, മകന്റെ 13 വയസിലെ "ബാർ മിറ്റ്സ്വാ' ചടങ്ങിൽ നേരിട്ട് മാർഗനിർദ്ദേശം നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ലെവിന് ആദ്യ വിവാഹത്തിൽ 62, 60 വയസുകളുള്ള രണ്ട് പെൺമക്കളും (ആഷ്ലി, സമന്ത) 2024-ൽ മോട്ടോർ ന്യൂറോൺ രോഗം ബാധിച്ച് മരിച്ച ഗ്രെഗ് എന്ന മകനുമുണ്ട്. കൂടാതെ, പത്ത് പേരക്കുട്ടികളുടെയും ഒരു കൊച്ചുമകന്റെയും അപ്പൂപ്പനാണ് അദ്ദേഹം.
തങ്ങളുടെ കുടുംബബന്ധത്തെക്കുറിച്ച് പൊതുജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ടെന്ന് ഭാര്യ ഡോ. യാങ്യിങ് ലു സമ്മതിക്കുന്നു. "സാധാരണയായി ആളുകൾ ജോണിനെ ഗാബിയുടെ മുത്തശ്ശനായിട്ടോ അല്ലെങ്കിൽ അപ്പൂപ്പനായിട്ടോ ആണ് കരുതുന്നത്.
അദ്ദേഹം തന്നെയാണ് അച്ഛൻ എന്ന് പറയുമ്പോൾ അവർ ഞെട്ടിപ്പോകും. എങ്കിലും ഞങ്ങൾക്ക് ഇത് സന്തോഷം നൽകുന്ന കാര്യമാണ്. ഞങ്ങളുടെ കുടുംബത്തിന് ഇത് ശരിയായ തീരുമാനമാണെന്ന് തോന്നിയതുകൊണ്ടാണ് ഞങ്ങൾ ഇത് തിരഞ്ഞെടുത്തത്,' ഡോ. ലു പറഞ്ഞു.