ദീപാവലി ശുചീകരണം: പഴയ ഡിടിഎച്ച് ബോക്സിൽ നിന്നും 2 ലക്ഷം രൂപ ലഭിച്ചു
Monday, October 13, 2025 7:05 PM IST
റെഡിറ്റിൽ പങ്കുവെച്ച, ദീപാവലി ശുചീകരണത്തിനിടെയുണ്ടായ തമാശ കലർന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദീപാവലിയുടെ ഭാഗമായി വീട് വൃത്തിയാക്കുകയായിരുന്നു അമ്മ. സാധനങ്ങൾ മാറ്റിയപ്പോൾ, പഴയ ഡിടിഎച്ച് സെറ്റ്-ടോപ് ബോക്സിനുള്ളിൽ നിന്നും രണ്ട് ലക്ഷം രൂപയുടെ 2,000 നോട്ടുകൾ കണ്ടെത്തി.
അച്ഛൻ രഹസ്യമായി സൂക്ഷിച്ചുവെച്ച് പിന്നീട് മറന്നുപോയതാവാം ഈ പണമെന്നാണ് മകന്റെ നിഗമനം. ഈ കണ്ടെത്തൽ കുടുംബത്തിന് ആദ്യം ഒരു നിധി കിട്ടിയതിന്റെ ആവേശമാണ് നൽകിയത്. എന്നാൽ, വൈകാതെ തന്നെ ആ സന്തോഷം ഇല്ലാതായി.
കാരണം "2,000 രൂപ നോട്ടുകൾക്ക് ഇപ്പോൾ നിയമപരമായി സാധുതയില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023-ൽ ഈ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കുകയും, അവ ബാങ്കിൽ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമുള്ള സമയം നിശ്ചയിക്കുകയും ചെയ്തിരുന്നു. ആ സമയപരിധി ഇതിനോടകം അവസാനിച്ചതിനാൽ, ഈ പിങ്ക് നോട്ടുകൾ ഇപ്പോൾ ഒരു കൂട്ടം കടലാസുകൾ മാത്രമായി മാറി' എന്നെല്ലാമായിരുന്നു അമ്മയുടെ ധാരണകൾ.
Biggest diwali Safai of 2025
byu/Rahul_Kumar82 inindiasocial
കണ്ടെത്തിയ പണത്തെക്കുറിച്ച് താൻ അച്ഛനോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നും, അദ്ദേഹത്തിന്റെ പ്രതികരണം ഭയക്കുന്നുവെന്നും ഉപയോക്താവ് പോസ്റ്റിൽ തുറന്നു പറഞ്ഞു. കൂടാതെ, ഈ സാഹചര്യത്തിൽ ഇനി എന്തു ചെയ്യണമെന്ന നിർദ്ദേശങ്ങളും അദ്ദേഹം റെഡിറ്റ് സമൂഹത്തോട് തേടി.
ഈ പോസ്റ്റിന് താഴെ നിരവധി ഉപയോക്താക്കളാണ് തമാശയും ഉപദേശങ്ങളുമായി കമന്റ് ചെയ്തത്. ഈ 2,000 നോട്ടുകൾ പൂർണ്ണമായി അസാധുവാക്കിയിട്ടില്ല, പ്രചാരത്തിൽ നിന്ന് പിൻവലിക്കുക മാത്രമാണ് ചെയ്തത്. അടുത്തുള്ള ആർബിഐ ശാഖയിൽ പോയി, ഒരു ഡിക്ലറേഷൻ പൂരിപ്പിച്ച ശേഷം ഇവ മാറ്റിവാങ്ങാൻ ശ്രമിക്കാം.
രണ്ട് ലക്ഷം രൂപ ഒറ്റയടിക്ക് മാറ്റിവാങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതിനാൽ, അഞ്ചോ പത്തോ തവണകളായി, ഒന്നിലധികം വ്യക്തികളെ ഉപയോഗിച്ച് പണം മാറ്റിവാങ്ങാൻ ശ്രമിക്കുക, എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.