ഇതെല്ലാം ഇവിടെ സർവസാധാരണം: 12 മണിക്കൂർ ജോലിയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികളുടെ ജീവിതം
Monday, October 13, 2025 4:08 PM IST
ഇന്ത്യൻ കോർപ്പറേറ്റ് ജീവനക്കാരുടെ ദുരിതചിത്രം ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. യുഎസ് വ്ലോഗറായ ജയ് പകർത്തിയ ഈ വീഡിയോയിൽ, രാത്രി വൈകിയും തൊഴിലെടുക്കാൻ നിർബന്ധിതരാകുന്ന പ്രൊഫഷണലുകളുടെ ജീവിതം തുറന്നുകാട്ടുന്നു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ, നഗരത്തിലെ ഒരു പാർക്കിലിരുന്ന് ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന യുവതിയെ കണ്ടാണ് ജയ് സംസാരിച്ചത്. യുവതിയോട് ഇപ്പോൾ ജോലി ചെയ്യുകയാണോ എന്ന് ചോദിച്ചപ്പോൾ, "അതെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയാണ്," എന്നായിരുന്നു യുവതിയുടെ മറുപടി.
സമയം രാത്രി 9 കഴിഞ്ഞ കാര്യം ചൂണ്ടിക്കാട്ടി, ഇത്രയും വൈകി ജോലി ചെയ്യുന്നത് സാധാരണമാണോ എന്ന് ജയ് ചോദിച്ചപ്പോൾ, "ഇതൊരു സാധാരണ കാര്യമാണ്' എന്ന് യുവതി നൽകിയ മറുപടി ജയ്നെ ഞെട്ടിച്ചു. ജോലിയിൽ പൂർണ്ണമായും ശ്രദ്ധിച്ച്, ശാന്തമായി ഇരിക്കുന്ന യുവതിയുടെ ഭാവം പലർക്കും പ്രചോദനമായി.
നിങ്ങളുടെ ചിരിക്കുന്ന മുഖവും സൗമ്യയായ പെരുമാറ്റവും ആരുടെയും മൈൻഡ് മെച്ചപ്പെടുത്താൻ പറ്റുമെന്ന് വ്ലോഗറെ പ്രശംസിച്ചുകൊണ്ട് ഉപയോക്താൾ കമന്റ് ചെയ്തു. അതേസമയം, യുവതിയുടെ ആത്മാർത്ഥതയെയും ആത്മവിശ്വാസത്തെയും നിരവധി പേർ അഭിനന്ദിച്ചു.
എന്നാൽ, വീഡിയോ വൈറലായതോടെ ചർച്ച വഴിമാറിയത് ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അമിതമായ ജോലിഭാരത്തിലേക്കും നീണ്ട തൊഴിൽ സമയങ്ങളിലേക്കുമാണ്. വിദേശ രാജ്യങ്ങളിലെ കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബിപിഒ, ഐടി, ഫാർമ മേഖലകളിലെ ജീവനക്കാർ അനുഭവിക്കുന്ന സമ്മർദ്ദമാണ് ഇതിലൂടെ പുറത്തുവന്നത്.
"ഇന്ത്യക്കാർ പലപ്പോഴും യൂറോപ്പിലെ അല്ലെങ്കിൽ യുഎസിലെ ഉപഭോക്താക്കളുമായി അവരുടെ ജോലി സമയം ക്രമീകരിക്കാൻ നിർബന്ധിതരാകുന്നുവെന്നും ഇന്ത്യയിൽ ജോലി സമയം സാധാരണയായി 10 മുതൽ 12 മണിക്കൂർ വരെ നീളാറുണ്ടെന്നും ആളുകൾ ചൂണ്ടിക്കാട്ടി. "ഇന്ത്യയിൽ മണിക്കൂർ അടിസ്ഥാനത്തിൽ ശമ്പളം ലഭിക്കാറില്ലെന്നും നിശ്ചിത ശമ്പളത്തിന്, ഒരുപാട് സമയം ജോലി ചെയ്യേണ്ടി വരുന്നുവെന്നും ആളുകൾ അഭിപ്രായപ്പെട്ടു.
കോവിഡ്-19 മഹാമാരിക്ക് ശേഷം വർക്ക് ഫ്രം ഹോം സാധാരണമായതോടെ, പല കമ്പനികളും ജീവനക്കാരുടെ വ്യക്തിപരമായ സമയത്തെ മാനിക്കാതെ ജോലിഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം ശക്തമാണ്. ഇത് തൊഴിലാളികളുടെ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്.