വാഹനം പാർക്ക് ചെയ്തതിലെ തർക്കം: ഷോപ്പുടമയെയും ഭാര്യയെയും റൗഡി ക്രൂരമായി മർദ്ദിച്ചു; സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ അറസ്റ്റ്
Sunday, October 12, 2025 8:10 PM IST
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് ക്രൂരമർദനം. ബംഗുളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം. മിൽക്ക് ഷോപ്പ് ഉടമയായ ഗോപാൽ എച്ച്.വി. എന്നയാൾക്കാണ് ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്.
സംഭവത്തിൽ ബിഹാർ സ്വദേശിയും റിയൽ എസ്റ്റേറ്റ് ഡീലറും നിരവധി കേസുകളിൽ പ്രതിയുമായ തരുൺ ചൗധരി(36)യെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ ഒൻപതിന് രാത്രി 10 ഓടെയാണ് ഇലക്ട്രോണിക് സിറ്റി ഫേസ് രണ്ടിലെ മിൽക്ക് പാർലറിൽ ആക്രമണമുണ്ടായത്.
വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി കടയുടമയും തരുൺ ചൗധരിയും തമ്മിൽ ചൂടേറിയ വാക്കുതർക്കമുണ്ടായി. തുടർന്ന്, തരുൺ ചൗധരി തന്റെ കറുത്ത റേഞ്ച്റോവർ കാറിൽ രണ്ട് അംഗരക്ഷകരുമായി എത്തി, കടയുടമയെ ആക്രമിക്കുകയായിരുന്നു.
കടയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇയാൾ കൂട്ടാളികളോട് വടി ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം തടയാൻ ശ്രമിച്ച ഗോപാലിന്റെ ഭാര്യയെയും ചൗധരി കൈയേറ്റം ചെയ്തു. വെടിവച്ച് കൊല്ലുമെന്നും, കാർ കയറ്റി ഓടിക്കുമെന്നും പറഞ്ഞ് തരുൺ ചൗധരി ഭീഷണിപ്പെടുത്തിയതായും ചെരിപ്പുകൊണ്ട് അടിച്ചതായും ഗോപാൽ എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കടയിലെ സിസിടിവിയിൽ പതിഞ്ഞ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ദൃശ്യങ്ങളിൽ, കടയുടമയെ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത് കാണാം. ഇതിനിടെ സ്വന്തം ബോഡി ഗാർഡുമാരെയും ഇയാൾ അടിച്ചു നിലത്തിട്ടു.
തന്റെ ബോഡിഗാർഡുകൾക്ക് ആളുകളെ ഭയപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ഇയാൾ സ്വന്തം ആളുകൾക്ക് നേരെ തിരിഞ്ഞത്. അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്ത്രീയെ മാനഭംഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരമാണ് ചൗധരിക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെ വിശദമായ അന്വേഷണത്തിനായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.