ഹണ്ടിംഗ്ടൺ ബീച്ചിൽ ഹെലികോപ്റ്റർ അപകടം; പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്, ദൃശ്യങ്ങൾ വൈറൽ
Sunday, October 12, 2025 4:05 PM IST
കാലിഫോർണിയയിലെ ഹണ്ടിംഗ്ടൺ ബീച്ചിലുള്ള പസഫിക് കോസ്റ്റ് ഹൈവേയിൽ ഹൈയാറ്റ് റിസോർട്ടിന് എതിർവശത്തുള്ള നടപ്പാലത്തിന്റെ പ്രവേശന കവാടത്തിലേക്ക് അപ്രതീക്ഷിതമായി ഒരു ഹെലികോപ്റ്റർ ഇടിച്ചിറങ്ങി. അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടുപേരും, സമീപത്ത് ഉണ്ടായിരുന്ന മൂന്ന് കാൽനടക്കാരും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
"കാർസ് എൻ കോപ്റ്റേഴ്സ് ഓൺ ദി കോസ്റ്റ്' എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ആകാശത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ കറങ്ങി താഴേക്ക് പതിക്കുകയായിരുന്നു. ഇടിക്കുന്നതിനു തൊട്ടുമുമ്പ് ഹെലികോപ്റ്ററിന്റെ ഒരു ഭാഗം തെറിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്.
ബീച്ചിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരികളും കാഴ്ചക്കാരും ഈ ഭീകരമായ കാഴ്ച മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്റർ കറങ്ങാൻ തുടങ്ങിയപ്പോൾ "ഓ മൈ ഗോഡ്' എന്ന് വിളിച്ചുപറഞ്ഞ് ആളുകൾ ഭയന്നു പോയതായും വീഡിയോകളിൽ കാണാം.
അപകടസമയത്ത് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത് വ്യോമയാനരംഗത്തെ പ്രമുഖനായ എറിക് നിക്സൺ ആയിരുന്നു. അദ്ദേഹത്തിന്റെ മരുമകൻ ജെറി മില്ലർ റെഡ്ലാൻഡ്സിൽ നിന്ന് ടെലിഫോൺ സംഭാഷണത്തിൽ പൈലറ്റിന്റെ ഗുരുതരാവസ്ഥ സ്ഥിരീകരിച്ചു.
"ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ രണ്ട് പേരെയും സുരക്ഷിതമായി പുറത്തെടുത്തു. തെരുവിലുണ്ടായിരുന്ന ഒരു കുട്ടിയടക്കമുള്ള മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അഞ്ച് പേരെയും തുടർചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി', ഹണ്ടിംഗ്ടൺ ബീച്ച് പോലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് കോർബിൻ കാർസൺ അറിയിച്ചു.
അപകടത്തെ തുടർന്ന് പസഫിക് കോസ്റ്റ് ഹൈവേയിലെ ഗതാഗതം പോലീസ് നിയന്ത്രിക്കുകയും, അന്വേഷണത്തിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിനെയും വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.
1980 മോഡൽ ബെൽ 222 എന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടതെന്നും, അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.