ദീപികാ പദുക്കോണിന്റെ "അബായ' വേഷം: സോഷ്യൽ മീഡിയയിൽ വൻ വിവാദം, "മൈ ചോയ്സ്' വീണ്ടും വിവാദത്തിൽ
Thursday, October 9, 2025 4:54 PM IST
ബോളിവുഡ് താരം ദീപികാ പദുക്കോൺ ഒരിക്കൽ കൂടി സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് ഇരയായിരിക്കുകയാണ്. ഇത്തവണ താരം തിരഞ്ഞെടുത്ത വേഷവിധാനമാണ് ചർച്ചാവിഷയമായിരിക്കുന്നത്.
ഈ വർഷം നിരവധി വിവാദങ്ങൾക്ക് ദീപികാ പദുക്കോൺ ഇരയായിരുന്നു. ഭർത്താവും നടനുമായ രൺവീർ സിംഗിനൊപ്പം അബുദാബി ടൂറിസത്തിന്റെ പ്രാദേശിക ബ്രാൻഡ് അംബാസഡറായി ഒരു വാണിജ്യ പരസ്യത്തിൽ ദമ്പതികൾ അടുത്തിടെ അഭിനയിച്ചിരുന്നു.
വീഡിയോയിൽ, പാശ്ചാത്യ വേഷത്തിലുള്ള ഇരുവരും ലൂവ്രെ അബുദാബി മ്യൂസിയത്തിലെ ഒരു ശിൽപത്തിന് മുന്നിൽ നിന്ന് ചിരിക്കുന്നതും, തുടർന്ന് അബുദാബിയിലെ പ്രശസ്തമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്നതും കാണാം.
പള്ളിയിലെ രംഗങ്ങളിൽ, ദീപികാ പദുക്കോൺ ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഇത് മുഖവും കൈകളും ഒഴികെ ശരീരം മുഴുവൻ മറയ്ക്കുന്ന രീതിയിലുള്ളതായിരുന്നു. രൺവീർ സിംഗ് ആകട്ടെ കറുത്ത സ്യൂട്ടിലായിരുന്നു. പരസ്യം പുറത്തുവന്നതിന് പിന്നാലെ, മണിക്കൂറുകൾക്കകം ദീപികാ പദുക്കോൺ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി.
നിരവധി പേർ തങ്ങളുടെ "എക്സ്' അക്കൗണ്ടുകളിലൂടെ ഈ വേഷത്തെ തെറ്റായ "ഹിജാബ്' എന്ന് വിശേഷിപ്പിച്ച് നടിക്കെതിരെ തിരിഞ്ഞു. എന്നാൽ ദീപിക ധരിച്ചത് "അബായ' എന്നറിയപ്പെടുന്ന, നീളമുള്ളതും അയഞ്ഞതുമായ വസ്ത്രമാണ്.
വർഷങ്ങൾക്ക് മുമ്പ് ദീപിക നടത്തിയ " മൈ ചോയ്സ് ' എന്ന കാമ്പയിനിനെ ഉദ്ധരിച്ചാണ് വിമർശകർ പ്രധാനമായും രംഗത്തെത്തിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ച നടി, മതപരമായ ആചാരങ്ങൾക്ക് കീഴ്പ്പെട്ടുവെന്ന് വിമർശകർ ആരോപിച്ചു. എന്നാൽ, ഈ വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തി.
ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിക്കുന്ന എല്ലാ സ്ത്രീകളും നീളമുള്ളതും അയഞ്ഞതുമായ, കണങ്കാൽ വരെ എത്തുന്ന വസ്ത്രം ധരിക്കണമെന്നത് അവിടുത്തെ നിയമമാണ്. ദീപിക ചെയ്തത് ആ രാജ്യത്തെയും അവിടുത്തെ സാംസ്കാരിക മര്യാദകളെയും ബഹുമാനിക്കുക മാത്രമാണ്.
ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ ദീപികാ പദുക്കോൺ പരമ്പരാഗത വേഷവിധാനം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ഏത് സംസ്കാരത്തോടും ആചാരത്തോടും താരം ആദരവ് കാണിക്കാറുണ്ടെന്ന് ആരാധകർ ഓർമ്മിപ്പിച്ചു.
അതിനാൽ, ഒരു അന്താരാഷ്ട്ര ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തോട് ആദരവ് പ്രകടിപ്പിക്കാൻ ദീപിക കാണിച്ച ഈ തിരഞ്ഞെടുപ്പിനെ വിമർശിക്കേണ്ടതില്ല എന്നാണ് ആരാധകപക്ഷം.