എഐയുടെ കരുത്തിൽ ആയോധനകല അഭ്യസിച്ച് ടെസ്ലയുടെ ഹ്യൂമനോയിഡ് റോബോടായ ഓപ്റ്റിമസ്: വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി
Tuesday, October 7, 2025 2:51 PM IST
എലോൺ മസ്ക് എക്സിൽ പങ്കുവെച്ച ചെറിയൊരു വീഡിയോ ക്ലിപ്പിലാണ് റോബോട്, പരിശീലകനോടൊപ്പം സൗഹൃദപരമായി ആയോധനകല പരിശീലിക്കുന്നത്. റോബോർടിന്റെ ശ്രദ്ധേയമായ മെയ്വഴക്കവും നിയന്ത്രണവും കാഴ്ചക്കാരെ അതിശയിപ്പിച്ചു.
ഓപ്റ്റിമസും പരിശീലകനും പരസ്പരം തലകുനിച്ച് വണങ്ങിക്കൊണ്ടാണ് പരിശീലനം ആരംഭിക്കുന്നത്. പരിശീലകൻ നീക്കങ്ങൾ നടത്തുന്നതിനനുസരിച്ച്, ഓപ്റ്റിമസ് കൃത്യതയോടെ കുങ്ഫു ടെക്നിക്കുകൾ അനുകരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.
തടയൽ, ചുവടുമാറ്റം, നിയന്ത്രണം എന്നിവ തത്സമയം റോബോട് ചെയ്യുന്നു. ഈ ചലനങ്ങളുടെയെല്ലാം ഇടയിൽ റോബോട് നിലനിർത്തുന്ന സന്തുലിതാവസ്ഥയാണ് ഏറ്റവും ശ്രദ്ധേയം. ഈ നീക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം റോബോട് ശാന്തമായി പഴയ നിലയിലേക്ക് തിരിച്ചെത്തുന്നു.
"മനുഷ്യർക്ക് കഴിയാത്തതോ അപകടകരമായതോ ആയ ജോലികൾ ഏറ്റെടുക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയുള്ള ടെസ്ലയുടെ റോബോടിക്സ് പ്രോഗ്രാമിലെ മുന്നേറ്റം' എന്നാണ് മസ്ക് ഇതിനുമുമ്പ് ഓപ്റ്റിമസിനെ വിശേഷിപ്പിച്ചത്. ഈ പ്രദർശനം, സങ്കീർണ്ണമായ മനുഷ്യചലനങ്ങൾ സ്വയം പ്രോസസ് ചെയ്യാനും പഠിക്കാനും അനുകരിക്കാനുമുള്ള റോബോടിന്റെ കഴിവിനെയാണ് എടുത്തു കാണിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ഹ്യൂമനോയിഡ് റോബോടിക്സിന്റെ കുതിപ്പിനെ പലരും പ്രശംസിക്കുമ്പോൾ, എഐ പിന്തുണയുള്ള യന്ത്രങ്ങൾ ഇത്തരം പോരാട്ട ശേഷികൾ പഠിക്കുന്നതിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിലർ ആശങ്കകൾ പങ്കുവച്ചു.
"റോബോടുകൾക്ക് പോരാടാൻ പഠിക്കുന്നതിലെ പ്രായോഗികമായ ഉപയോഗം എന്താണെന്നും മാലിന്യം പുറത്തുകളയുക, തുണികൾ കഴുകി മടക്കിവെക്കുക, ബാത്റൂമിലെ പാടുകൾ നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇത് ചെയ്യുന്നത് കാണാനാണ് ആഗ്രഹം' എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.