കേരളത്തിൽ സ്ഥലത്തിന്റെ ക്ഷാമം തീർന്നു!
മുരളി തുമ്മാരുകുടി
Friday, May 9, 2025 12:15 PM IST
തൊള്ളായിരത്തി എഴുപതുകളിൽ, ഒരു ഏക്കറിന് ആയിരം രൂപയ്ക്കൊക്കെ സ്ഥലം കിട്ടുമായിരുന്നു. അതായത് സെന്റിന് പത്തുരൂപ. അന്ന് സെന്റിന് പത്തുരൂപയ്ക്ക് വാങ്ങിയ സ്ഥലത്തിന് ഇപ്പോൾ സെന്റിന് ചുരുങ്ങിയത് ഒരു ലക്ഷം രൂപയുണ്ട്. അതായത് പതിനായിരം മടങ്ങ് വളർച്ച.
തൊള്ളായിരത്തി തൊണ്ണൂറുകളിൽ പോലും സെന്റിന് അയ്യായിരം രൂപയ്ക്കു വാങ്ങിയ ഭൂമി രണ്ടായിരത്തി അഞ്ചായപ്പോൾ അഞ്ചു ലക്ഷം ആയ കഥകൾ വരെയുണ്ട്. അതുകൊണ്ടാണ് ഭൂമി ഒരു നല്ല നിക്ഷേപം ആണെന്ന ചിന്ത ലോകത്തെവിടെയും പോലെ മലയാളികൾക്കും ഉണ്ടായത്. ഗൾഫിൽനിന്നു വന്ന പണത്തിന്റെ വലിയൊരു ശതമാനം ഭൂമിയിൽ നിക്ഷേപിച്ചു തുടങ്ങിയോടെ ഭൂമി കിട്ടാനില്ലാത്ത അവസ്ഥവരെ ഉണ്ടായി.
പക്ഷേ, ഇപ്പോൾ നാട്ടിൽ സ്ഥലത്തിന് യാതൊരു ക്ഷാമവും ഇല്ല. കൃഷി കുറഞ്ഞു വരുന്നു. അതിനി കൂടാൻ പോകുന്നില്ല. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ശരാശരി കുട്ടികളുടെ എണ്ണം രണ്ടിൽ താഴെ എത്തുന്നു. ഫ്ളാറ്റുകളോടുള്ള മലയാളികളുടെ മനോഭാവം മാറുന്നു. പുതിയ തലമുറയിലെ സ്ത്രീകൾ ഫ്ലാറ്റുകൾ ആണ് ഇഷ്ടപ്പെടുന്നത്. വീടുകൾ വയ്ക്കാൻ ഇനി സ്ഥലത്തിന്റെ ആവശ്യം കാര്യമായി ഉണ്ടാകില്ല.
രണ്ടായിരത്തി എട്ടിനുശേഷം കേരളത്തിൽ ഭൂമിയുടെ വില മൊത്തമായി മുകളിലേക്ക് കുതിക്കുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനർഥം കേരളത്തിൽ ഒരിടത്തും സ്ഥലത്തിന് വില കൂടിയിട്ടില്ല എന്നല്ല. സിവിൽ സ്റ്റേഷനോ ഇൻഫോ പാർക്കോ മാളോ പോലുള്ള പൊതുസ്ഥപനങ്ങൾ വരുന്നതിന്റെ അടുത്ത് മെട്രോയും റോഡും ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ വരുന്ന സ്ഥലങ്ങളിൽ, പുതിയതായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വന്ന ഇടങ്ങളിൽ, 2018ലെ പ്രളയം ബാധിക്കാതിരുന്ന സ്ഥലങ്ങളിൽ... ഇവിടങ്ങളിലൊക്കെ സ്ഥലവില കൂടിയിട്ടുണ്ട്. വീട് വയ്ക്കാൻ സൗകര്യപ്രദമായ ചെറിയ പ്ലോട്ടുകൾക്കും (ഇരുപത് സെന്റിൽ താഴെ) വില വർധിച്ചു.
ഇതിനിടെ മൂന്നു പുതിയ സംഭവവികാസങ്ങളും ഉണ്ടായി. ഒന്ന്: ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് വീട് വാങ്ങാനുള്ള അവകാശവും വീട് വാങ്ങുന്നവർക്ക് ദീർഘകാല വിസയും അനുവദിച്ചു. രണ്ട്: കേരളത്തിൽനിന്നു വിദ്യാർഥികൾ വലിയതോതിൽ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോകാൻ തുടങ്ങി. നാട്ടിലേക്ക് തിരിച്ചില്ല എന്നുള്ള ഉറപ്പോടെയാണ് അവർ പോകുന്നതുതന്നെ. മൂന്ന്: തൊള്ളായിരത്തി തൊണ്ണൂറുകളിൽ പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിയവരിൽ ഭൂരിഭാഗവും ഇനി നാട്ടിലേക്കില്ലെന്ന തീരുമാനത്തിലെത്തി.
എന്നു മാത്രമല്ല, നാട്ടിലെ വീടും സ്ഥലവും വിറ്റ് വിദേശത്തേക്ക് പണം അയയ്ക്കാനുള്ള ശ്രമവും തുടങ്ങി. കേരളത്തിൽനിന്നു കുട്ടികൾ പുറത്തേക്കു പോവുക മാത്രമല്ല നാട്ടിൽ കുട്ടികൾ ഉണ്ടാകുന്നത് കുറയുകയുമാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് വീടുകളിൽ താമസിക്കുന്നവർ അത് വിറ്റ് ഫ്ളാറ്റിലേക്കോ റിട്ടയർമെന്റ് ഹോമിലേക്കോ മാറാൻ ശ്രമിക്കുന്നു. സ്ഥലലഭ്യത കൂടിയതോടെ കേരളത്തിൽ സ്ഥലവില പൊതുവേ കുറഞ്ഞുവരികയാണ്. ഗ്രാമങ്ങളിൽ സ്ഥലമുള്ളവർ ഇപ്പോൾ കിട്ടുന്ന വിലയ്ക്ക് വിൽക്കുന്നതുതന്നെയാണു ബുദ്ധി.