കളിയിൽ കാര്യമുണ്ട്..!
ഡോ. അരുൺ ഉമ്മൻ (ന്യൂറോ സർജൻ)
Tuesday, May 6, 2025 11:13 AM IST
പണ്ടൊക്കെ മധ്യവേനലവധിക്ക് സ്കൂൾ അടച്ചു കഴിഞ്ഞാൽ വീടിനടുത്തുള്ള കൂട്ടുകാർക്കൊപ്പമോ ബന്ധുവീടുകളിലോ ആയിരിക്കും കുട്ടികൾ അധികസമയവും ചെലവഴിക്കുക. അവിടെ അവരുടേതായ ഒരു ലോകംതന്നെ അവർ സൃഷ്ടിച്ചെടുക്കും. ആ കുട്ടിക്കാലം ഇന്ന് സ്വപ്നം മാത്രമായി തീർന്നിരിക്കുന്നു. പക്ഷേ, നമ്മുടെ കുട്ടികളുടെ അവധിക്കാലം കളിച്ചും ചിരിച്ചും നല്ല ഓർമകൾ ലഭിക്കുന്ന തരത്തിലുള്ളതാക്കാൻ രക്ഷിതാക്കൾക്കു കടമയുണ്ട്. പണ്ടത്തെപ്പോലെ സാധിക്കില്ലെങ്കിലും കുട്ടികൾക്കിഷ്ടമായ ഒരു മനോഹര അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കാനാകണം.
വേനലവധിയാണു കുട്ടികൾക്ക് ഏറ്റവും നല്ല വിശ്രമസമയം. രണ്ടു മാസം നീളുന്ന അവധിക്കാലം. വിദ്യാർഥി ജീവിതത്തിലെ സന്തോഷകരമായ സമയങ്ങളിൽ ഒന്ന്. പുതിയ കഴിവുകൾ നേടാനും പ്രിയപ്പെട്ട ഹോബികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള നല്ല സമയം.
കുട്ടികൾ ദിവസവും 60 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. കളികളിലൂടെയും മറ്റുമുള്ള വ്യായാമം മതി. അതുവഴി കൊളസ്ട്രോളും രക്തസമ്മർദവും ശരീരത്തിലെ കൊഴുപ്പും കുറയും. രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് കൂടും. അസ്ഥികൾ, പേശികൾ, സന്ധികൾ എന്നിവയുടെ ഏകോപനം ശക്തിപ്പെടും. ഓസ്റ്റിയോപൊറോസിസ്, പ്രമേഹം തുടങ്ങിയ അവസ്ഥകളിൽനിന്നു സംരക്ഷണം കിട്ടും.
ഇതു മാത്രമല്ല, മെമ്മറി മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ എന്നിവയുടെ അപകടസാധ്യത കുറയ്ക്കാനും നന്നായി ഉറങ്ങാനും വ്യായാമം സഹായകരമാകും. ചെറുപ്രായത്തിൽതന്നെ ഒരു ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതു വഴി കുട്ടികൾക്കു ജീവിതകാലം മുഴുവൻ ആരോഗ്യകരമായ ശീലങ്ങൾ തുടരാനുമാകും.
കായികപരമായ വ്യായാമങ്ങളിൽ ഏർപ്പെട്ടു തുടങ്ങുന്നതോടെ കുട്ടികൾ അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽനിന്ന് ഒരുപരിധി വരെ മോചിതരാകും. ഒരേ പ്രായമുള്ള കുട്ടികളുമായി കളിക്കാൻ അവരെ പ്രേരിപ്പിക്കണം. കുട്ടികൾ ഏർപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങൾ അവരുടെ പ്രായത്തിന് യോജിച്ചതാണെന്നും മാതാപിതാക്കൾ ഉറപ്പാക്കണം. കുട്ടിക്ക് ഇഷ്ടമില്ലാത്ത ഒരു പ്രവർത്തനത്തിലും ഏർപ്പെടാൻ നിർബന്ധിക്കരുത്. കുട്ടികൾക്ക് സമ്മർദം അനുഭവപ്പെട്ടാൽ കളികൾപോലും ഒരു ജോലിയായി തോന്നും. ഇത് വ്യായാമത്തെക്കുറിച്ച് നെഗറ്റീവ് വികാരങ്ങൾ സൃഷ്ടിക്കും.
എല്ലാ വ്യായാമങ്ങളും ഒരുപോലെയല്ല, പക്ഷേ എല്ലാം പ്രയോജനകരമാണ്. ചില കുട്ടികൾക്കു കൂട്ടുകാരോടൊത്ത് ഒാടിക്കളിക്കുന്നതാവാം ഇഷ്ടം. അതല്ലെങ്കിൽ ഒരുമിച്ചു സൈക്കിൾ ചവിട്ടുന്നതോ, ഷട്ടിൽ കളിക്കുന്നതോ അതുമല്ലെങ്കിൽ സംഗീതോപകരണങ്ങൾ വായിക്കാൻ പഠിക്കുന്നതോ ആവാം. മക്കളുടെ മനസറിഞ്ഞ് മാതാപിതാക്കൾ പ്രോത്സാഹനം നൽകണം.