ജീവിച്ചിട്ടു പോരേ ജോലി..?
Saturday, May 3, 2025 11:55 AM IST
ജോലിസ്ഥലത്തെ മാനസികസമ്മർദം കാരണം ചെറിയ പ്രായത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ഈയിടെ കൂടിവരുന്നതായി കാണുന്നു. അത്ര നിസാരവൽക്കരിക്കേണ്ട കാര്യമല്ല ഇത്.
അടുത്തനാളിൽ കോട്ടയം കഞ്ഞിക്കുഴിയില് യുവാവ് ഫ്ലാറ്റിൽനിന്ന് ചാടി മരിച്ചു. വെറും 23 വയസ്. കേട്ടപ്പോൾ വലിയ വിഷമം തോന്നി. കാക്കനാട് പ്രവർത്തിക്കുന്ന ഐടി കമ്പനിയിലെ കമ്പ്യൂട്ടർ എൻജിനീയറായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദം താങ്ങാൻ കഴിയാതെ ജീവനൊടുക്കിയെന്നായിരുന്നു നിഗമനം.
മരിക്കുന്നതിനു നാല് മാസം മുന്പാണ് ഈ യുവാവ് ഐടി കമ്പനിയിൽ ജോലിക്കു കയറിയത്. മരിക്കുന്നതിനുമുൻപ് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ഉറങ്ങാൻപോലും സാധിക്കാത്ത രീതിയിലുള്ള ജോലിസമ്മർദം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.
വേണ്ടങ്കിൽ ജോലിക്ക് പോകാതിരുന്നൂടെ എന്നൊക്കെ പറയാമെങ്കിലും ചില സ്ഥാപനങ്ങളിൽ ബോണ്ടിംഗ് പിരീഡ് ഉണ്ടെങ്കിൽ ഇടയ്ക്കുവച്ച് നിർത്തിപ്പോകാനും പ്രയാസമാണ്. 40 ശതമാനം ആളുകളും ജോലിസ്ഥലത്ത് സ്ട്രസ് അനുഭവിക്കുന്നവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ, നടുവേദന തുടങ്ങിയവയ്ക്ക് ഇവ കാരണമാകുന്നു. ആയുർദൈർഘ്യം കുറയ്ക്കുന്ന അവസ്ഥയിലേക്കു വരെ ഇത്തരം സ്ട്രസുകൾ കൊണ്ടുചെന്നെത്തിക്കാറുണ്ട്.
ജോലിസ്ഥിരതയില്ലായ്മ, കുറഞ്ഞ ശമ്പളം, അമിതജോലി, സമൂഹത്തിന്റെ പിന്തുണയില്ലായ്മ എന്നിവ ഇത്തരം അതിതീവ്ര സ്ട്രസിന് കാരണമാണ്. ചിലരെ ഇത് ആത്മഹത്യയിലേക്കുവരെ നയിക്കുന്നു.
മനുഷ്യരെല്ലാം ജോലിചെയ്യുന്നത് ജീവിക്കാൻ വേണ്ടിയാണ്. ജീവിക്കാനായി ജോലി ചെയ്യണോ, അതല്ല ജോലി ചെയ്യാൻ മാത്രമായി ജീവിക്കണോ എന്നു നമ്മൾ ചിന്തിക്കേണ്ടതുണ്ട്. ജോലിയും ജീവിതവും തമ്മിൽ ബാലൻസ് ചെയ്തു പോവുകയാണു വേണ്ടത്..
അമിതമായ ടാർഗറ്റ്, മറ്റുള്ളവരുമായി താരതമ്യം ചെയ്യൽ, പരസ്യമായ ആക്ഷേപം, ഉറക്കമില്ലായ്മ... ഇതെല്ലാം അനുഭവിക്കുന്ന ഒരാൾ ജീവിതത്തിന്റെ ഏതെങ്കിലും ഒരു സമയത്ത് എടുക്കുന്ന തീരുമാനമാകും ഇത്തരം ആത്മഹത്യയിലേക്ക് എത്തുന്നത്.