വിവാഹ വാർഷകി ദിനത്തിൽ വിവാഹ വസ്ത്രത്തിൽ 51 കാരിയുടെ മാരത്തോൺ ഓട്ടം
Thursday, May 1, 2025 3:19 PM IST
രക്താർബുദം ബാധിച്ച് മരിച്ച ഭർത്താവിന് ആദരവായി വിവാഹ വാർഷികദിനത്തിൽ വിവാഹവസ്ത്രം ധരിച്ച് മാരത്തൺ ഓടി യുവതി. ഒരു രക്താർബുദ ഗവേഷണ ചാരിറ്റിക്കായി പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് മാരത്തൺ സംഘടിപ്പിച്ചത്.
ആ മാരത്തണിന്റെ അവസാനത്തെ മൂന്നു മൈലാണ് വിവാഹ വസ്ത്രത്തിൽ ഓടിയത്. ആകെ 26 മൈലായിരുന്നു മാരത്തൺ സംഘടിപ്പിച്ചത്. ആദ്യത്തെ 23 മൈൽ സാധാരണ വസ്ത്രത്തിൽ ഓടിയതിനുശേഷമാണ് അവസാനത്തെ മൂന്നു മൈൽ വിവാഹ വസ്ത്രത്തിൽ ഓടിയത്.
ചൂടും ഇറക്കമുള്ള വസ്ത്രവും ഓടാൻ തടസവുമായിരുന്നെങ്കിലും തന്റെ ഭർത്താവിനെ ഓർത്ത് ആ ബുദ്ധിമുട്ടൊക്കെ മറന്ന് അവൾ ഓടി തീർത്തു. രക്തത്തെയും അസ്ഥിമജ്ജയെയും ബാധിക്കുന്ന അപൂർവ രക്താർബുദം ആയിരുന്നു ലോറയുടെ ഭർത്താവ് സാണ്ടറിന്.
ചികിത്സകളും ഏറെ സങ്കീർണമായ ശസ്ത്രക്രിയകളും ചെയ്തെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്കു ശേഷം അയാളുടെ ആരോഗ്യനില വഷളാവുകയും അദ്ദേഹം മരിക്കുകയും ചെയ്തു. കഴിഞ്ഞ വർഷമായിരുന്നു മരണം.
അതേ തുടർന്ന് ലോറ ഭർത്താവിനോടുള്ള ആദര സൂചകമായി രക്താർബുദ ക്യാൻസർ ഗവേഷണ ചാരിറ്റിക്കായി പണം കണ്ടെത്തുന്നതിനുള്ള മാരത്തോൺ മത്സരങ്ങളിൽ പങ്കാളിയാകാൻ തുടങ്ങി. ഇതിന്റെ ഭാഗമായി 12 മാസം കൊണ്ട് 13 മാരത്തോൺ മത്സരങ്ങളിൽ 51 -കാരിയായ ഇവർ പങ്കെടുത്തു.