കന്യാകുമാരിയിൽ അന്നൊരു മുല്ലപ്പൂപകലിൽ..!
Saturday, April 26, 2025 2:33 PM IST
കുറേ വർഷങ്ങൾക്കു മുമ്പുള്ള ഒരു ട്രെയിൻ യാത്ര. എന്റെ രണ്ടാമത്തെ സിനിമയായ സബാഷ് ചന്ദ്രബോസിന്റെ ലൊക്കേഷൻ കണ്ടിട്ട് രാത്രി തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു. തലേ ദിവസങ്ങളിൽ നേരേചൊവ്വേ ഉറക്കം കിട്ടിയിരുന്നില്ല. ട്രെയിനിൽ കയറിയാലുടൻ നന്നായൊന്നുറങ്ങണം. പുലർച്ചെ തിരുവനന്തപുരത്തെത്തുമ്പോൾ മാത്രമേ കണ്ണു തുറക്കുകയുള്ളൂ എന്ന് ദൃഢനിശ്ചയം എടുത്തിരുന്നു.
കമ്പാർട്ട്മെന്റിൽ അടുത്തൊന്നും ആരുമില്ല! ഉറങ്ങാൻ ഇതിൽപരം സൗകര്യം വേറേ കിട്ടുമോ! പക്ഷേ, കണ്ണടച്ച് പത്ത് മിനിറ്റ് തികഞ്ഞില്ല, ദേ ഒരു കലപില ശബ്ദം! തലയുയർത്തി നോക്കി. അതുവരെ ഒഴിഞ്ഞുകിടന്ന തൊട്ടടുത്ത സീറ്റിൽ ഒരു അമ്മ. ആരെയോ ഫോൺ ചെയ്യുകയാണ്. അരികിൽതന്നെ - അവരുടെ മകനാവാം - ഒരാളുമുണ്ട്.
അത്യുച്ചത്തിലാണ് അമ്മയുടെ സംസാരം. യാത്രയെ പറ്റിയുള്ള വിശേഷങ്ങൾ ഫോണിലൂടെ ആരോടോ പറയുകയാണ്. ഇടയ്ക്കിടെ അകന്പടിയായി ഗംഭീര പൊട്ടിച്ചിരി. ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഹെഡ്സെറ്റ് എടുത്ത് ചെവിക്കുള്ളിൽ തിരുകി രണ്ട് കൈയും പൊത്തിപ്പിടിച്ചു. ഇല്ല, ഒന്നും ഫലം കണ്ടില്ല.
ഞാൻ എഴുന്നേറ്റു. അപ്പോഴേക്കും ഫോൺ വിളി നിന്നു. പിന്നെ അമ്മയും മകനും തമ്മിലായി സംസാരം. അവർ വിശേഷങ്ങൾ പറയുന്നു. പൊട്ടിച്ചിരിക്കുന്നു. തർക്കിക്കുന്നു. വഴക്ക് കൂടുന്നു...
എനിക്ക് ഉറങ്ങാൻ പറ്റില്ലെന്നു മനസിലായി. കുറേനേരം ഞാൻ കറുപ്പണിഞ്ഞ പുറംകാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്നു. അപ്പോഴുണ്ട്, ദേ ഒരു കൂർക്കം വലി. നോക്കുമ്പോ, ഈ അമ്മ കിടന്നുറങ്ങുകയാണ്, ഒപ്പം അവരുടെ മകനും.
എനിക്ക് ദേഷ്യം വന്നു.എന്റെ ഉറക്കം കളഞ്ഞിട്ട് അങ്ങനെയിപ്പം സുഖിച്ച് കിടന്നുറങ്ങണ്ട. ഞാനും ഫോണെടുത്ത് ആരെയൊക്കെയോ ഫോൺ ചെയ്തു. ഒരു കാര്യവുമില്ലാതെ ആ രാത്രി പലരെയും വിളിച്ച് ഉറക്കെ സംസാരിച്ചു. എന്നാൽ അതൊന്നും അവരുടെ ഉറക്കത്തെ ബാധിച്ചില്ല. പിന്നീടെപ്പോഴോ മന്ദമന്ദം നിദ്രവന്നെന് മാനസത്തിന് മണിയറയിലെ പൊന്വിളക്കിന് തിരിതാഴ്ത്തി. ഒരു ചെറുമയക്കത്തിന് ശേഷം ഞാനുണരുമ്പോൾ കാണുന്നത് ആ അമ്മയും മകനും എണീറ്റിരുന്ന് ഒരു ഫ്ലാസ്കിൽനിന്നു ചായയൊഴിച്ച് കുടിക്കുന്നതാണ്.
ഇടയ്ക്ക് ആ അമ്മ ആദ്യമായി എന്റെ മുഖത്തുനോക്കി ഒന്നു ചിരിച്ചു. ഞാനും ചിരിച്ചു. ഞാൻ വീണ്ടും പുറത്തേക്ക് നോക്കി. നേരം വെളുത്തു തുടങ്ങിയിരുന്നു. അന്നേരം ‘ചായ കുടിക്ക്' എന്നൊരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഒരു കപ്പ് ചായയുമായി അമ്മ നിൽക്കുകയാണ്. സാധാരണ ഒരു കാരണവശാലും ട്രെയിനിൽ മറ്റുള്ളവരിൽനിന്ന് ഒന്നും വാങ്ങി കഴിക്കുന്ന ശീലമില്ല, എനിക്ക്. എന്നിട്ടും പുഞ്ചിരിച്ച് കൊണ്ട് ഞാനാ ചായ വാങ്ങി.
ഞാൻ ചോദിച്ചു: എവ്ട പോണതാ?
കന്യാകുമാരിക്ക്.
ഓ. എവ്ടയാ സ്ഥലം?
തൃശൂര്.
കന്യാകുമാരി ആദ്യമായി കാണാൻ പോവ്വാണോ?
അല്ല. ഒരുപാട് തവണ പോയിട്ട്ണ്ട്. എല്ലാ കൊല്ലോം പോവാറ്ണ്ട്.
അതിലെനിക്ക് അത്ഭുതം തോന്നി.
അതെന്തിനാ എല്ലാ കൊല്ലവും പോണത്?
അതിനവര് പറഞ്ഞ മറുപടി ഇങ്ങനെ:
ഞാൻ ആദ്യായിട്ട് കന്യാകുമാരിയിൽ പോയത് കല്യാണം കഴിഞ്ഞ് നാലാം മാസം ഭർത്താവിനൊപ്പമാണ്. അന്ന് ഞാൻ ഗർഭിണിയായിരുന്നു. എനിക്ക് ദൂരെ യാത്ര പോണത് ഇഷ്ടമില്ലായിരുന്നു. കന്യാകുമാരിയിൽ പോവാംന്ന് ഭർത്താവ് പറഞ്ഞപ്പോ ആദ്യം ഞാൻ വേണ്ടാന്ന് പറഞ്ഞു. പക്ഷേ, അങ്ങേര് സമ്മതിച്ചില്ല. ഞങ്ങളങ്ങനെ കന്യാകുമാരിയിൽ പോയി. അവിടത്തെ കാഴ്ചകൾ കണ്ട് ഒരു തീരത്തിരുന്ന് വർത്താനം പറഞ്ഞു. എന്റെ കെട്ടിയോന് എന്നെ വല്യ ഇഷ്ടമായിരുന്നു. ഞാൻ പറഞ്ഞു: എനിക്ക് മുല്ലപ്പൂ വേണം. ഭർത്താവ് എന്നെ അവിടെ ഇരുത്തി മുല്ലപ്പൂ വാങ്ങാൻ പോയി. കുറേനേരം കഴിഞ്ഞിട്ടും അങ്ങേരെ കാണുന്നില്ല. എനിക്ക് പേടിയായി. ഞങ്ങളിരുന്നിടത്തുനിന്ന് മാറാതെ അങ്ങേരെയും കാത്ത് ഞാൻ കരഞ്ഞിരുന്നു. പിന്നീട് നേരം ഇരുട്ടിയപ്പോ ആരോടൊക്കെയോ ചോദിച്ച് റെയിൽവേ സ്റ്റേഷനിലെത്തി. തൃശൂർക്കുള്ള ഒരു വണ്ടിയിൽ കയറി വീട്ടിൽപ്പോയി. അങ്ങേര് എന്നെ കളഞ്ഞിട്ട് പോയല്ലോ എന്നോർത്ത് എന്റെ ചങ്ക് പിടച്ചു.
ഇത്രയും പറഞ്ഞിട്ട് അൽപനേരം ആ അമ്മ ഒന്നും മിണ്ടാതെയിരുന്നു. എന്നിട്ട് തുടർന്നു:
അങ്ങേർക്ക് ചൊഴലി ദീനമുണ്ടായിരുന്നു. അതെനിക്ക് അറിഞ്ഞൂടായിരുന്നു. ആരും എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. എനിക്ക് പൂ വാങ്ങാൻ പോയ സമയത്ത് വഴീല് വച്ച് ചൊഴലി വന്നതാണ്. വഴിയിലെവിടെയോ വീണ് കിടന്നു. ആരോ എടുത്ത് ആശുപത്രിയിൽ കൊണ്ടോയി. പിറ്റേന്ന് എന്റെ സഹോദരങ്ങൾ അങ്ങേരെ അന്വേഷിച്ച് കന്യാകുമാരിൽ വന്നു. എന്നിട്ട് അവര് അവിടെ പോലീസ് സ്റ്റേഷനിൽനിന്ന് എന്നെ ഫോൺ ചെയ്ത് പറഞ്ഞു: ബാബു മരിച്ചു. ശവം ഇവിടെ ഒരാശുപത്രിയിലെ മോർച്ചറീല് ഒണ്ട്!
ഞാനാ വൃദ്ധയെ അമ്പരപ്പോടെ നോക്കി. ഇക്കാര്യങ്ങളൊക്കെ പറയുമ്പോൾ അവരാകെ സങ്കടവിവശയായിരിക്കും അവരെന്ന് നിങ്ങൾക്ക് തോന്നിയെങ്കിൽ തെറ്റി!
അൽപം ഉറക്കെ, സങ്കടക്കടലിരമ്പങ്ങളൊന്നും അറിയാത്തവിധം, തീർത്തും ഒരപരിചിതനാണ് ഞാനെന്ന കാര്യം പോലും നോക്കാതെ അവർ പറയുകയാണ്:
ഏഴെട്ട് മാസം കഴിഞ്ഞപ്പോ ഞാനെന്റെ മോനെ പ്രസവിച്ചു. ഇവന് ഒരു മാസം തെകഞ്ഞപ്പോ ഞാനിവനേം കൊണ്ട് കന്യാകുമാരീല് വന്നു. പിന്നെ എല്ലാ കൊല്ലോം ഇതുപോലെ വരും. ആദ്യമൊക്കെ സഹോദരങ്ങളിലാരെങ്കിലും കൂട്ടുവരും. പിന്നെപ്പിന്നെ ഞാനും എന്റെ മോനും മാത്രമായി. ഇത് പിന്നെ ഒരു ശീലമായി.
അവർ മകനെ നോക്കി. അയാൾ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു:
മോന് നാൽപത്തിയഞ്ചായി. അവനും ഞാനും നാൽപത്തിയഞ്ച് തവണ കന്യാകുമാരി കണ്ടിട്ട്ണ്ട്.
ട്രെയിൻ എന്റെ നഗരത്തിലെത്തി. എനിക്കിറങ്ങേണ്ട സ്റ്റോപ്പായി. പറയാൻ തുടങ്ങി മുറിഞ്ഞുപോയ ഒരു നനഞ്ഞ വാക്കിന്റെ കടം ബാക്കി വച്ച്, ചായയ്ക്ക് നന്ദിയും പറഞ്ഞ്, ആ അമ്മയെയും മകനെയും ഒരിക്കൽ കൂടി നോക്കി ഞാൻ പുറത്തേക്കിറങ്ങി.