ഉപദേശം വേണ്ട സപ്പോർട്ട് മതി
Saturday, April 26, 2025 10:05 AM IST
ഒരാൾ നമ്മളോട് സംസാരിക്കാൻ തയാറാകുന്നത് അയാൾക്ക് ഒരു കേൾവിക്കാരനെ/കേൾവിക്കാരിയെ ആവശ്യമായി തോന്നിയതുകൊണ്ടാകുമല്ലോ. അതുകൊണ്ടുതന്നെ മുൻവിധികളില്ലാതെ, തിരിച്ചു തർക്കിക്കാതെ അവരെ കേൾക്കാൻ ശ്രമിക്കുക എന്നതായിരിക്കും അവരാഗ്രഹിക്കുന്നതും.
അവർക്കു പറയാനുള്ളത് മുഴുവൻ കേട്ടുകഴിഞ്ഞശേഷം അത് പരിഹരിക്കാൻ പറ്റിയ എന്തെങ്കിലും പരിഹാരം നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ മാത്രം അതു നൽകുക. ഇല്ലെങ്കിൽ അവരുടെ ഏതു പ്രശ്നത്തിലും മാനസികമായി കൂടെ ഉണ്ടാകുമെന്ന മോറൽ സപ്പോർട്ട് നൽകിയാൽ മാത്രം മതിയാകും.
അതിനുപകരം നമ്മൾ വലിയൊരു സംഭവമാണെന്നു കാണിക്കാനായി, "ഇടയ്ക്കൊക്കെ ഒരു ട്രിപ്പ് പോയാൽ മതി, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്താൽ മതി, സ്വയം സന്തോഷിക്കാൻ ശ്രമിക്കൂ... എന്നൊക്കെ കുറേ ഉപദേശങ്ങൾ അവരിൽ അടിച്ചേല്പിക്കാതെ ഇരിക്കുക. ചിലരുടെ കാര്യത്തിൽ ഇത് പ്രാവർത്തികമാകുമെങ്കിലും പലർക്കും ഇത്തരം ചില അവസ്ഥകളിൽ ഒന്നും ചെയ്യാനുള്ള മാനസികസ്ഥിതിയുണ്ടാവില്ല. വല്ലാതെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലുള്ളവരെ അത്തരം സമയത്തു കൂടുതൽ കാര്യങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് ഉചിതം.
ചിലരോട് നമ്മൾ എന്തെങ്കിലും ഉള്ളുതുറന്ന് സംസാരിച്ചാൽ അത് കേട്ടിട്ട് "അയ്യോ ഇതൊക്കെ എന്തിരിക്കുന്നു, ഇതിലും അപ്പുറം എനിക്ക് സംഭവിച്ചിട്ടുണ്ട് (അല്ലെങ്കിൽ എന്റെ ഫ്രണ്ടിന്) എന്നൊക്കെ പറഞ്ഞ് നമ്മുടെ പ്രശ്നങ്ങളെയും നമ്മളെത്തന്നെയും വിലകുറച്ചു കാണും. അത്തരക്കാരോട് സംസാരിക്കാൻ പോയാൽ ഉള്ള വിഷമം പോരാഞ്ഞിട്ട് അവരുടെ വിഷമം കൂടി കേട്ട് വല്ലാത്തൊരു മാനസികാവസ്ഥയിലാകും.
ഒരാളെ നമ്മൾ കേൾക്കാൻ നിൽക്കുമ്പോൾ പറയുന്നവർക്ക് ബഹുമാനമൊക്കെ കൊടുത്ത്, അവർക്ക് പറയാനുള്ളതെല്ലാം കേട്ടശേഷം ഉപദേശത്തിനുപകരം ധൈര്യം കൊടുക്കാൻ നോക്കുക. "നിനക്ക് അത് പറ്റും, തളരരുത്, നിന്നിൽ അതിനുള്ള കഴിവുണ്ട് ’എന്ന് രണ്ട് നല്ല വാക്ക് പറഞ്ഞാൽ അത് അവർക്ക് നൽകുന്ന സന്തോഷം വളരെ വലുതായിരിക്കും...
നമ്മുടെ ചില നേരത്തെ ചെറിയ ചിലവാക്കുകൾ മതി മറ്റുള്ളവരിൽ ഇരുട്ട് നിറയ്ക്കാനും അവരെ ഇരുട്ടിൽനിന്ന് കര കയറ്റാനും. ഏതുവിധം സംസാരിക്കണമെന്നു പഠിക്കാൻ ചിലർക്ക് ഒരായുസുകൊണ്ടു പോലും കഴിയില്ല.