74,000 വർഷം മുമ്പുള്ള അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ വിറ്റു
Thursday, April 24, 2025 4:44 PM IST
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമ മനുഷ്യജീവിതങ്ങളിലേക്കു വെളിച്ചംവീശാൻ കഴിയുന്ന ഒരു പ്രദേശം വില്പന നടത്തിയതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശ് നന്ദ്യാല്‍ ജില്ലയിലെ ബംഗനപ്പള്ളി ജ്വാലാപുരത്താണു സംഭവം.
74,000 വർഷം മുൻപ് ഇവിടെയുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ ഉറഞ്ഞുകൂടിയ മണ്ണ്, അധികാരികളുടെ ഒത്താശയോടെ ടണ്ണിന് 2,000 രൂപയ്ക്കാണു റിയൽ എസ്റ്റേറ്റ് മാഫിയ സോപ്പ് നിര്‍മാതാക്കള്‍ക്കു കച്ചവടമാക്കിയത്.
സുമാത്രയിലുണ്ടായ ടോബ അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളടിഞ്ഞ ഇന്ത്യയിലെ അപൂര്‍വ ഇടമാണിതെന്ന് 2003ലും 2007ലും നടത്തിയ ഖനനങ്ങളിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. പത്ത് മുതല്‍ ഇരുപത് അടി വരെ താഴ്ചയില്‍ ലാവ ഉറച്ചുകിടക്കുകയാണ്.
മൂന്നു മീറ്റര്‍ വരെ ഘനമുണ്ട്. ജ്വാലാപുരത്തില് അഞ്ചു ചതുരശ്ര കിലോമീറ്ററിൽ ഇത് വ്യാപിച്ചു കിടക്കുന്നതായി ഗവേഷകർ പറയുന്നു. പ്രാചീനകാലത്തെ കല്ലുകളും മറ്റും അടങ്ങിയ അഗ്നിപര്‍വത സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ നശിപ്പിക്കപ്പെടുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ആദ്യഘട്ട ഖനന പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച കര്‍ണാടക സര്‍വകലാശാലയിലെ പ്രഫ. രവി കോരിസെട്ടാര് സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. കൂടുതല്‍ നാശനഷ്ടങ്ങൾ സംഭവിക്കാതെ ഇവിടെ സംരക്ഷിത മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.