സോപ്പ്, പേസ്റ്റ്, ഷാംപൂ ഒന്നും ഉപയോഗിക്കില്ല പിന്നെങ്ങനെ ജീവിക്കും? ഇങ്ങനെയാണ് ജീവിതമെന്ന് സ്ത്രീ
Thursday, April 24, 2025 3:03 PM IST
സൗന്ദര്യം സംരക്ഷിക്കാൻ വിപണിയിൽ ലഭിക്കുന്ന എല്ലാ ഉത്പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. അതിന് എത്ര രൂപ ചെലവാകുമെന്നു പോലും പലരും നോക്കാറില്ല. അപ്പോഴാണ് ഒരു യുവതി സോപ്പു പോലും ഉപയോഗിക്കാറില്ല എന്ന പ്രഖ്യാപനവുമായി വന്നിരിക്കുന്നത്. അപ്പോൾ പിന്നെ അവർ എങ്ങനെയാകും ജീവിക്കുന്നതെന്നായിരിക്കും ആലോചിക്കുന്നത്.
യുവതിക്ക് 41 വയസുണ്ട്. അവർ നേരത്തെ നഴ്സായി ജോലി ചെയ്തിരുന്നു. ബ്രിട്ടാനി ബ്ലാൻഡ് എന്നാണ് യുവതിയുടെ പേര്. സോപ്പു മാത്രമല്ല ടൂത്ത് പേസ്റ്റ്, ഷാംപൂ, സുഗന്ധദ്രവ്യങ്ങൾ ഇവയൊന്നും ഇവർ ഉപയോഗിക്കാറില്ല. വർഷങ്ങളായി ഇവരുടെ ശീലം ഇതാണ്. വർഷങ്ങൾക്കു മുന്പെടുത്ത ഈ തീരുമാനം തിനക്ക് നേട്ടം മാത്രമേ നൽകിയിട്ടുള്ളുവെന്നും ഇപ്പോൾ താൻ ആരോഗ്യവതിയാണെന്നുമാണ് ഇവർ പറയുന്നത്.
വിവാഹിതയായിട്ട് 24 വർഷമായി. കുറച്ചു വർഷങ്ങൾക്കു മുന്പ് കാര്യമായ ആരോഗ്യ പ്രശ്നങ്ങളിലൂടെയാണ് ബ്രിട്ടാനി കടന്നു പോയിരുന്നത്. മൂന്നു കുട്ടികളുണ്ട് അവർക്ക്. അതുകൊണ്ടു തന്നെ വീട്ടിൽ നല്ല തിരക്കുണ്ട്. അതോടൊപ്പം നഴ്സിംഗ് ജോലി കൂടിയായപ്പോൾ അത് ആവരുടെ ആരോഗ്യത്തെ കാര്യമായിതന്നെ ബാധിച്ചു. 2015 ആയപ്പോഴെക്കും ശരീരഭാരം വല്ലാതെ കൂടി. രണ്ട് ശസ്ത്രക്രിയകളും ഒരു അപ്പെൻഡെക്ടമിയും വേണ്ടിവന്നു.
പക്ഷേ, ഇത്രയൊക്കെ ചെയ്തിട്ടും ആരോഗ്യം മെച്ചപ്പെട്ടൊന്നുമില്ല. 2023 ലാണ് ബ്രിട്ടാനിക്ക് എഹ്ലേഴ്സ്-ഡാൻലോസ് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തിയത്. അവിടെ സാധാരണ ചികിത്സകൾക്കു പോകുന്നതിനു പകരം അവർ ബദൽ മാർഗങ്ങളാണ് സ്വീകരിച്ചത്. കാരണം തന്റെ ആരോഗ്യം വീണ്ടെടുത്തേ മതിയാകൂ എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനായാണ് അവർ തന്റെ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയത്. കെമിക്കൽ ചേരുന്ന ഉത്പന്നങ്ങൾ എന്നു തോന്നിയതെല്ലാം അവൾ ഉപേക്ഷിച്ചു. അതിനു പകരം ബദലായിട്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചു. ഷാംപൂവിന് പകരം ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത മിശ്രിതം ഉപയോഗിച്ചു, ടൂത്ത് പേസ്റ്റ് വീട്ടിൽ തന്നെ നിർമ്മിച്ചു, മഗ്നീഷ്യം കൊണ്ട് ഡിയോഡറന്റ് ഉണ്ടാക്കി.
ഈ ബദൽ ഉത്പന്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയതോടെ തന്റ് ആരോഗ്യത്തിൽ നല്ല പുരോഗതിയുണ്ടെന്നാണ് ബ്രിട്ടാനി പറയുന്നത്. അതുകൊണ്ട് താൻ നേരിട്ടതുപോലെയുള്ള അവസ്ഥ നേരിടുന്നവരോട് ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കൂ എന്നാണ് ബ്രിട്ടാനിയുടെ അഭിപ്രായം.