അപകടകാരിയാണു ഹോം ലോൺ!
Wednesday, April 23, 2025 12:46 PM IST
കഴിഞ്ഞദിവസം ഒരു സുഹൃത്ത് വീട് വയ്ക്കാൻ ലോൺ എടുക്കുന്ന കാര്യം ചോദിച്ചു. ഏകദേശം 50 ലക്ഷം രൂപയാണു വേണ്ടത്. വെറുതെ അവനോടു ചോദിച്ചു. ഇപ്പോൾ മാസം കിട്ടുന്ന ശമ്പളത്തിൽ ഇഎംഐ അടയ്ക്കാനുള്ള തുക മിച്ചം പിടിക്കുന്നുണ്ടോ? ആറു മാസത്തിനുള്ളിൽ 50,000 രൂപയെങ്കിലും മിച്ചം വരാറുണ്ടോ?
മറുപടി ഉടൻ വന്നു: “ഇല്ല, അതുകൊണ്ടാണ് ലോൺ എടുക്കുന്നത്!”
വായ്പ എടുക്കാതെ വീട് വയ്ക്കാൻ പറ്റില്ലായിരിക്കാം. പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാം. ഹോം ലോൺ അപകടകാരിയാണ്. മറ്റുള്ള ലോൺ പോലെയല്ല അത്. ബിസിനസ് ലോണിൽ നഷ്ടസാധ്യത ഏറെയാണെങ്കിലും തിരിച്ച് റിട്ടേൺ വരുമെന്ന പ്രതീക്ഷയെങ്കിലുമുണ്ട്. ഹോം ലോണിൽ തിരികെയൊന്നും കിട്ടാനില്ല. 50 ലക്ഷം രൂപ ലോൺ എടുത്താൽ 25 വർഷം കൊണ്ട് ഏകദേശം ഒരു കോടി 15 ലക്ഷം തിരിച്ചടയ്ക്കേണ്ടി വരും.
ഇപ്പോൾ എടുത്താൽ, 10 വർഷം കഴിയുമ്പോൾ നല്ല ശമ്പളം ആയിരിക്കും. അപ്പോൾ ഇഎംഐ ഈസിയായി അടയ്ക്കാം എന്ന് ചിലർ പറയാറുണ്ട്. അവർ അറിയുന്നില്ല, അവരുടെ ശമ്പളം കൂടുന്നതുപോലെ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്ക് മാറുന്നതനുസരിച്ച് മാസതവണയും കൂടാം എന്ന്.
മൂന്നുതവണ അടവ് മുടങ്ങിയാൽ വീട് ജപ്തിചെയ്തു കൊണ്ടുപോകാൻ ബാങ്കിന് പ്രത്യേക റിക്കവറി ഏജൻസിതന്നെ ഉണ്ട്. അവർക്ക് ഇതൊക്കെ ലാഭകരമായ ബിസിനസാണ്. നഷ്ടം നമുക്കുമാത്രം.
അതുകൊണ്ട് ഹോം ലോൺ അത്യാവശ്യമെങ്കിൽ നല്ല പ്ലാനിംഗോടെ മാത്രം എടുക്കുക. ആദ്യം വീടിന്റെ പ്ലാനും ബജറ്റും നിങ്ങളുടെ വരുമാനത്തിനനുസരിച്ചു തയാറാക്കുക. ലോൺ എടുക്കേണ്ട തുക നിശ്ചയിച്ച് അതിന്റെ ഇഎംഐ കണക്കുകൂട്ടുക. ആ തുക ആറു മാസമായി മിച്ചം വരുന്നുണ്ടോ എന്നു പരിശോധിക്കുക.
ഇതിനുപുറമെ മറ്റ് വരുമാനമാർഗം കൂടി പരിശോധിക്കുക. നിലവിൽ ചെയ്യുന്ന ജോലിക്ക് ഏതെങ്കിലും തടസം നേരിട്ടാൽ ബദൽ മാർഗങ്ങൾ അത്യാവശ്യമാണ്. ആകെ ചെലവാകുന്നു പ്രതീക്ഷിക്കുന്ന തുകയുടെ 30 ശതമാനം തുക കൂടി നിങ്ങൾ പണമായി കൈയിൽ കരുതണം. കാരണം ഒരു പണിയും നിങ്ങളുടെ എസ്റ്റിമേറ്റിൽ തീരണമെന്നില്ല.
വീടു പണിയുമായി ബന്ധപ്പെട്ട് നിർമാണമേഖലയിൽ പരിചയമുള്ള ആളുകളുടെ മാത്രം അഭിപ്രായം തേടുക. നിശ്ചിത സമയത്തിനകം വീടുപണി പൂർത്തിയാക്കുക. ലോൺ കൃത്യമായി അടയ്ക്കാൻ ശ്രദ്ധിക്കുക. മറ്റ് വരുമാനമാർഗം കൂടി കണ്ടെത്തി ആ തുക മൂലധനത്തിലേക്ക് അടച്ച് ലോൺ എത്രയും വേഗം തീർക്കുക. മാക്സിമം ലോൺ എടുക്കാതെ തന്നെ വീട് വയ്ക്കാൻ ശ്രമിക്കുക.
25 വർഷം ലോൺ അടയ്ക്കുന്നിലും ഭേദമാണ് ഏഴു വർഷം ഇൻവെസ്റ്റ്മെന്റ് ചെയ്ത് തുക കൂട്ടിവച്ച് പതിയെ പതിയെ വീട് പണിയുന്നത്. തൊട്ടടുത്ത വീട്ടുകാരെ നോക്കി താരതമ്യം ചെയ്ത് വീട് പണിയാൻ പോകരുത്. വീടിന്റെ കാര്യം പറഞ്ഞ് കളിയാക്കുന്ന ഒരാളും ബാങ്ക് വീട് ജപ്തിചെയ്തു കൊണ്ടുപോകുമ്പോൾ സഹായത്തിനു വരില്ല. അവർ അന്നും കളിയാക്കും.
ഇന്ന് ലോണെടുത്ത് വീടുവച്ചാൽ 10 വർഷം കഴിഞ്ഞ് അതിന് കോടികൾ മൂല്യം വരുമെന്ന് ചിന്തിക്കുന്നവരുണ്ട്. ഒരിക്കലും അങ്ങനെ മൂല്യം കൂടില്ല. അതറിയണമെങ്കിൽ 15 വർഷം പഴക്കമുള്ള വീട് ഈടുവച്ച് ലോണിന് ചെല്ലണം. ഓരോ വർഷവും വീടിന്റെ ആയുസ് കുറയുകയാണ്. അതോടൊപ്പം മൂല്യവും കുറയും.
(കടപ്പാട്-ഫേസ്ബുക്ക്)