എന്നോട് ആരെങ്കിലുമൊന്നു സംസാരിച്ചെങ്കിൽ; ഹൃദയം തൊടുന്ന വാക്കുകൾ
Tuesday, April 22, 2025 10:39 AM IST
ചെറിയ ഒരു പുഞ്ചരി പോലും അടുത്തിരിക്കുന്ന ആൾക്ക് അല്ലെങ്കിൽ പരസ്പരം കാണുന്ന അപരിചിതർക്കു പോലും ആശ്വാസം നൽകുമെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമല്ലേ. അത് മറ്റുള്ളവർക്ക് എത്രമാത്രം സന്തോഷം നൽകുമെന്ന് അറിഞ്ഞൊന്നുമായിരിക്കില്ല ആ പുഞ്ചിരി സമ്മാനിക്കുന്നത്.
റെഡിറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു കുറിപ്പിൽ ബസിൽ വെച്ച് ഒരു യാത്രക്കാരനുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ്. moamen12323 എന്ന യൂസറാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസായിരുന്നു പക്ഷേ, അദ്ദഹത്തിന് നല്ലൊരു അനുഭവാണ് ഉണ്ടായത്.
ബസിൽ നല്ല തിരക്കായിരുന്നെങ്കിലും യുവാവിന് സീറ്റ് കിട്ടിയിരുന്നു. പക്ഷേ, ഒരുപാടു പേർ നിന്നും യാത്ര ചെയ്യുന്നുണ്ട്. നിൽക്കുന്ന ആളുകൾക്കിടയിൽ ഒരു പ്രായമായ വ്യക്തിയും ഉണ്ടായിരുന്നു.
യുവാവ് തന്റെ സീറ്റ് ആ പ്രായമായ വ്യക്തിക്ക് നൽകി. അതിനു ശേഷം ഇരുവരും സംസാരിച്ചു. ആ സംഭാഷണത്തോടെ ആ ദിവസം തനിക്ക് ഏറെ വ്യത്യസ്തമായ അനുഭവമായെന്നാണ് അദ്ദേഹം പറയുന്നത്.
ആ പ്രായം ചെന്ന മനുഷ്യൻ യുവാവിനോട് പറഞ്ഞ കാര്യമാണ് യുവാവിനെ ഏറെ സ്വാധീനിച്ചത്. താൻ ആരോടെങ്കിലും സംസാരിച്ചിട്ട് നാല് ദിവസമായിയെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ ആരെങ്കിലും കേൾക്കാൻ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹം യുവാവിനോട് പറഞ്ഞു.
ഈ സംഭാഷണം വളരെ സാധാരണയായി പോയിക്കൊണ്ടിരുന്ന തന്റെ ദിവസത്തെ മാറ്റിയെന്നാണ് യുവാവ് പറയുന്നത്. വളരെ ചെറുത് എന്ന് തോന്നുന്ന ചില പ്രവൃത്തികൾ വലിയ ചില അനുഭവങ്ങളാണ് നൽകുക എന്നാണ് ഈ യുവാവിന്റെ കുറിപ്പു നൽകുന്ന സൂചന.